തിരുവനന്തപുരം: ( www.truevisionnews.com) കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം.

അനൂപ് ജേക്കബ് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഉദ്ധരിച്ച് എംഎൽഎ സഭയിൽ ചോദിച്ചു.
നഗരമധ്യത്ത് സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത് മർദിച്ച് ഒരു വാഹനത്തിൽ കടത്തിക്കൊണ്ടുപോകുന്നത് എന്ത് സ്ത്രീ സുരക്ഷയാണെന്ന് അനൂപ് ചോദിച്ചു.
പോലീസ് നോക്കിനിൽക്കേയാണ് സംഭവം. കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയർത്തുന്നതാണോ സ്ത്രീ സുരക്ഷിതത്വമെന്നും അദ്ദേഹം ആരാഞ്ഞു.
സിപിഎം ഏരിയ സെക്രട്ടറി രതീശിന്റെ നേതൃത്വത്തിൽ കലാ രാജുവിനെ തടയുകയും മർദിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ജനാധിപത്യത്തിനേറ്റ കളങ്കമാണത്. ഒരു അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള കെൽപ് എൽഡിഎഫിനില്ലെയെന്നും അനൂപ് ചോദിച്ചു.
കേരളത്തിൽ ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
'കലാ രാജുവിന്റെ കഴുത്തിന്കുത്തിപിടിച്ച് നിർത്തി. മൂവാറ്റുപുഴ ഡിവൈഎസ്പി നോക്കി നിൽക്കെയാണ് സംഭവം. മുൻസിപാലിറ്റി ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിലാണ് തട്ടിക്കൊണ്ടുപോയത്.
പോലീസിന്റെ നിഷ്ക്രിയത്വമാണ് അവിടെ കണ്ടത്. ഗത്യന്തരമില്ലാതെയാണ് പോലീസ് സ്റ്റേഷനിൽ നിന്ന് കേവലം 500 മീറ്റർ മാത്രമുള്ള സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ നിന്ന് അവരെ പുറത്തുവിട്ടത്.'
'25 വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്. എന്നെ അവർ ചവിട്ടി താഴെയിട്ടു. മൂക്കിലൂടെ രക്തമൊഴുകി. ശ്വാസം മുട്ടിച്ചു. ഞാൻ മരിച്ചുപോകുമോയെന്ന് ഭയന്നു.
പക്ഷേ ഞാൻ തളർന്നില്ല. എൻറെ സാരിയും പാവാടയുടെ വള്ളിയുംവരെ വലിച്ചു കീറിയപ്പോൾ ഞാൻ തകർന്നുപോയി. മാനം സംരക്ഷിക്കാൻ എവിടെയെങ്കിലും മറവുവേണമെന്ന് ആഗ്രഹിച്ചുപോയി.' എന്ന് കലാ രാജു തന്നോട് പറഞ്ഞതായി അനൂപ് ജേക്കബ് പറഞ്ഞു.
ഒരു സ്ത്രീ നഗരമധ്യത്തിൽ വസ്ത്രാക്ഷേപത്തിന് വിധേയമാകേണ്ട ദുരവസ്ഥയാണോ കേരളത്തിലുണ്ടാകേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
#KalaRaju #suffered #severe #cruelty #AnoopJacob #presented #issue #House #woman #safety #objectification #clothes
