വൈക്കം ( കോട്ടയം ) : ( www.truevisionnews.com ) തൊഴിലാളികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നത് ചോദ്യംചെയ്ത കെ.എസ്.ഇ.ബി. കരാറുകാരനും കുടുംബത്തിനും നേരേ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ആക്രമണം.

കരാറുകാരന്റെ അച്ഛനും സഹോദരനും വെട്ടേറ്റു. കരാറുകാരന്‍ വൈക്കം കച്ചേരിത്തറയില്‍ മനാഫിന്റെ അച്ഛന്‍ കെ.എം. ഷാജി(52), സഹോദരന്‍ ബാദുഷ(18) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
മനാഫിന് കൈയ്ക്കും നെഞ്ചിനും പരിക്കേറ്റു. ഇവരെ ആക്രമിച്ച നാല് പേരടങ്ങുന്ന സംഘം ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെ വൈക്കം പടിഞ്ഞാറെ നടയിലെ സ്വകാര്യആശുപത്രിയിലാണ് സംഭവം.
മനാഫും ഷാജിയും ബാദുഷയും പനിയെതുടര്‍ന്ന് അഞ്ചുദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. മനാഫിന്റെ കരാര്‍ത്തൊഴിലാളികള്‍ താമസിക്കുന്ന പുളിഞ്ചുവട്ടിലെ വീട്ടില്‍ മുന്‍കരാര്‍ തൊഴിലാളിയായ ചെമ്മനാകരി സ്വദേശി അക്ഷയ് (ഉണ്ണിക്കുട്ടന്‍) കഞ്ചാവ് എത്തിക്കുന്നത് പതിവായിരുന്നുവെന്നും പലതവണ ഇത് ചോദ്യംചെയ്തിരുന്നുവെന്നും മനാഫ് പോലീസിന് മൊഴി നല്‍കി.
വ്യാഴാഴ്ചയും ഫോണിലൂടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് അക്ഷയും സുഹൃത്തുക്കളായ മൂന്നുപേരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തി ആക്രമിക്കുകയായിരുന്നു.
മനാഫിനെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാജിയ്ക്കും ബാദുഷയ്ക്കും വെട്ടേറ്റത്. ബാദുഷയുടെ ഇരുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റു.
ബാദുഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമിസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ആശുപത്രിയിലെ സുരക്ഷാജീവനക്കാരന് വീണ് നിസ്സാരപരിക്കേറ്റു.
ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വൈക്കം പോലീസ് ശേഖരിച്ചു
#Delivery #cannabis #questioned #KSEB #hacked #contract #employee #into #hospital
