തിരുവനന്തപുരം: (truevisionnews.com) മരിക്കുമെന്ന് ഉറപ്പായപ്പോൾ മാത്രമാണ് ഷാരോൺ ഗ്രീഷ്‌മയുടെ പേര് വെളിപ്പെടുത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ.

ഓരോ സാഹചര്യങ്ങളും തെളിവുകളും കോർത്തിണക്കി പ്രതികൾക്ക് നേരെ മാത്രം വിരൽചൂണ്ടുന്ന രീതിയിലാണ് കോടതിയിൽ അവതരിപ്പിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസായി വാദിക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
കോടതിയിൽ പൊലീസ് സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ കൊലപാതകക്കുറ്റം ചുമത്തിയിരുന്നത് ഗ്രീഷ്‌മക്കെതിരെ മാത്രമായിരുന്നു. രണ്ടാം പ്രതി സിന്ധുവിനും മൂന്നാം പ്രതി നിർമൽ കുമാറിനുമെതിരെ തെളിവുനശിപ്പിക്കൽ മാത്രമായിരുന്നു ചുമത്തിയിരുന്നത്.
കൃത്യം നടന്ന ദിവസം രാവിലെ 10.15ഓടെ അമ്മയും അമ്മാവനും വീട്ടിൽ നിന്ന് പോയിരുന്നു. സംഭവം നടക്കുന്ന സമയം കളിയിക്കാവിള മാർക്കറ്റിൽ നിൽക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിൽ ഗ്രീഷ്‌മ മാത്രമാണ് നേരിട്ട് ഉൾപ്പെട്ടിരിക്കുന്നത്.
കേസിൽ സുപ്രധാനമായത് ഷാരോണിന്റെ മരണമൊഴി തന്നെയാണ്. തിരുവനന്തപുരം മജിസ്ട്രേറ്റായിരുന്ന ലെനി തോമസിന് ഷാരോൺ നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞിരുന്നു.
2022 ഒക്ടോബർ 22 വരെയും ഗ്രീഷ്‌മയുടെ പേര് ഷാരോൺ വെളിപ്പെടുത്തിയിരുന്നില്ല. താൻ ജീവിക്കുമെന്നും ഗ്രീഷ്‌മയെ വിവാഹം കഴിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു അയാൾ. മരണം ഉറപ്പായ ശേഷം അച്ഛനോടാണ് ആദ്യം ഗ്രീഷ്‌മ കഷായം തന്ന വിവരം വെളിപ്പെടുത്തിയതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
#public #prosecutor #said #Sharon #Grisma's #name #revealed #only #certain #die.
