കോട്ടയം: ( www.truevisionnews.com) കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിക്ക് മാനസിക പീഡനമെന്ന് പരാതി.

ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരേ ഫോറന്‍സിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി വിനീത് കുമാറാണ് പരാതി നല്‍കിയത്. തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും ഡോ. ലിസ ജോണില്‍ നിന്നുണ്ടായതായി വിനീത് കുമാര്‍ പരാതിയിൽ പറയുന്നു.
തനിക്കെതിരെ നിന്നാല്‍ പീഡനക്കേസില്‍ കുടുക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ലിസ ജോണ്‍ ഭീഷണിപ്പെടുത്തിയെന്നും വിനീത് കുമാര്‍ ആരോപിച്ചു.
കഴിഞ്ഞ നവംബര്‍ എട്ടാം തീയതിയാണ് പരാതിക്ക് ആസപ്ദമായ സംഭവം. ലിസ ജോണ്‍ തന്നെ പട്ടിയെന്ന് വിളിക്കുകയും മുഖത്ത് അടിക്കാന്‍ വരികയും ചെയ്തിരുന്നുവെന്നാണ് വിനീത് കുമാര്‍ പറയുന്നത്.
വ്യാജസ്ത്രീപീഡന കേസ് നല്‍കുമെന്നും ലിസ ജോണ്‍ വിനീതിനെ ഭീഷണിപ്പെടുത്തി. ഇത് നാലാംവട്ടമാണ് ഡോ.ലിസ ജോണിന് എതിരേ വിനീത് കുമാര്‍ പരാതി നല്‍കുന്നത്.
ആദ്യത്തെ സംഭവത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. അതിന്റെ അന്വേഷങ്ങളും മറ്റും നടന്നിരുന്നെങ്കിലും തുടര്‍ന്ന് എന്താണ് ഉണ്ടായതെന്നറിയില്ലെന്ന് വിനീത് പറയുന്നു.
2023 നവംബറിലാണ് മൂന്നാമത്തെ പരാതിക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. അന്നേദിവസം മോര്‍ച്ചറിയില്‍ ഓട്ടോപ്‌സിക്കിടയിൽ ഡോ.ലിസ ജോണ്‍ തന്നോട് കുപിതയായി സംസാരിക്കുകയായിരുന്നെന്നും വിനീത് പറയുന്നു.
രണ്ടുപ്രാവശ്യം തനിക്ക് മോര്‍ച്ചറി ബാന്‍ നേരിടേണ്ടിവന്നതായും വിനീത് കുമാര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കേസ് തരില്ല, പോസ്റ്റ്‌മോര്‍ട്ടം കാണാന്‍ പറ്റില്ല എന്നിവയൊക്കെ തനിക്ക് നേരിടേണ്ടിവന്നതായി വിനീത് കുമാര്‍ പറഞ്ഞു.
ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുന്നത്.
തുടര്‍ന്ന് കോളേജ് തലത്തിലും ഡിഎംഇ തലത്തിലും അന്വേഷണമുണ്ടായി. ഡിഎംഇ മെഡിക്കല്‍ കോളേജിലെത്തി വിദ്യാര്‍ഥികളെയും അധ്യാപികരെയും കണ്ടു.
ഒരുപാട് ആഗ്രഹിച്ചാണ് ഫോറന്‍സിക് മെഡിസിന്‍ പഠിക്കാനായി മെഡിക്കല്‍ കോളേജിലെത്തുന്നതെന്നും എന്നാല്‍, അവിടെ നേരിടേണ്ടിവന്നത് മോശം അനുഭവങ്ങളാണെന്നും വിനീത് കുമാര്‍ വ്യക്തമാക്കി.
#False #obscene #remark #threatening #file #false #molestationcase #Complaint #student #against #head #forensicdepartment
