മുംബൈ: (truevisionnews.com) വീട്ടിലിരുന്ന് പഠിക്കാത്തതിനെ തുടർന്ന് മകനെ പിതാവ്‍ കഴുത്ത് ഞെരിച്ച് കൊന്നു.മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം.

പിയൂഷ് വിജയ് ഭണ്ഡാൽക്കർ (9) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് വിജയ് ഗണേഷ് ഭണ്ഡാൽക്കറെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി വീട്ടിലിരുന്ന് പഠിക്കാത്തതിൽ പ്രകോപിതനായ വിജയ് ഗണേഷ് മകൻ്റെ തല ചുമരിൽ ഇടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയേയും മുത്തശ്ശനെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തതായി പൂനെ റൂറൽ പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് വ്യക്തമാക്കി.
പിയൂഷ് ബോധരഹിതനായി വീണുവെന്ന് പറഞ്ഞ് കുടുംബം കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുട്ടി മരിച്ചുവെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ മൃതദേഹം സർക്കാർ ആശുപത്രിയിലെത്തിക്കാതെ സംസ്കാരം നടത്താൻ വീട്ടുകാർ തീരുമാനിച്ചു.
കുട്ടി ബോധരഹിതനായി വീണ് മരണപ്പെട്ടുവെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. എന്നാൽ വീട്ടുകാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഞങ്ങൾ എത്തുമ്പോൾ കുട്ടിയുടെ മൃതദേഹം ശ്മശാനത്തിലെ ചിതയിൽ വെച്ചിരിക്കുകയായിരുന്നു.
വീട്ടുകാർ എതിർത്തെങ്കിലും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ കഴുത്ത് ഞെരിഞ്ഞതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു .
കുറ്റം മറച്ചുവയ്ക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ച കുറ്റത്തിനാണ് മുത്തശ്ശിയെയും മുത്തച്ഛനേയും അമ്മാവനെയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
#study #home #Enraged #father #strangled #son #death
