നെയ്യാറ്റിൻകര : ( www.truevisionnews.com) നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം സംബന്ധിച്ച് നിഗമനത്തിൽ എത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്എച്ച്ഒ എസ് ബി പ്രവീൺ.

സ്വാഭാവിക മരണമെന്ന് വിലയിരുത്താനായിട്ടില്ല മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
ആന്തരിക അവയവ പരിശോധന ഫലം കിട്ടിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്നും എസ് ബി പ്രവീൺ വ്യക്തമാക്കി.
ഗോപൻ സ്വാമിയുടെ മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. മതാചാര്യന്മാരെ പങ്കെടുപ്പിച്ചാകും ചടങ്ങ് നടക്കുക.
മൃതദേഹം ഇന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ സൂക്ഷിക്കും. വിവാദ സമാധി കല്ലറ പൊളിച്ച് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് പുറത്തെടുത്തത്.
അരഭാഗം വരെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. വായയിലും ശരീരത്തിന്റെ പകുതി ഭാഗം വരെയും ഭസ്‌മം കൊണ്ട് മൂടിയിരുന്നു.
ഒന്നരമണിക്കൂറില്‍ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിൽ മൂന്നു തലത്തിലുള്ള പരിശോധനയാണ് നടന്നതെന്ന് ഡോക്‌ടർമാർ പറഞ്ഞു.
വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ, പരുക്കേറ്റതാണോ സ്വഭാവിക മരണം ആണോയെന്നെല്ലാം വിശദമായി പരിശോധിച്ചു.
അതേസമയം, പരുക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തിയെങ്കിലും മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ല.
അവശനിലയിൽ കിടപ്പിലായിരുന്ന ഗോപൻ സ്വാമി എങ്ങനെ സമാധി സ്ഥലത്തെത്തി, അവിടെ വെച്ച് മരിച്ചുവെന്നതടക്കമുള്ള മക്കളുടെ മൊഴിയിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
#Neyyatinkara #GopanSwami #cause #death #not #clear #pending #autopsy #results #InvestigatingOfficer
