തിരുവേഗപ്പുറ (പാലക്കാട്): ( www.truevisionnews.com ) കഞ്ഞിവെളളം സൂക്ഷിച്ച് വെച്ച അലുമിനിയം കുടത്തില്‍ തലകുടങ്ങിയ തെരുവ് നായക്ക് രക്ഷകനായി കൈപ്പുറം അബ്ബാസ്.

രണ്ട് മണിക്കൂറോളം തല കുടത്തില്‍ കുടങ്ങിയ നായക്ക് ഒടുവില്‍ ജീവന്‍ തിരിച്ച് കിട്ടിയ സന്തോഷം. പാലക്കാട് ജില്ലയിലെ പരുതൂര്‍ പഞ്ചായത്തിലെ അഞ്ചുമൂല അരണാത്ത് പറമ്പിലായിരുന്നു സംഭവം.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍ ഉപയോഗിച്ച് കുടം മുറിച്ച് മാറ്റി നായയെ രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി അരണാത്ത് പറമ്പില്‍ കക്കോട് പൊറ്റമ്മല്‍ താമിയുടെ വീട്ടിലായിരുന്നു സംഭവം. വീട്ടുകാര്‍ കഞ്ഞിവെളളം നിറച്ച് വെച്ച കുടത്തിലാണ് തെരുവ് നായ തലയിട്ടത്.
പിന്നീട് ഇത് ഊരിയെടുക്കാനോ ഓടി പോകാനോ നായക്ക് കഴിഞ്ഞില്ല. അലുമിനിയത്തിന്റെ കുടമായതിനാല്‍ വീടുകാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
തുടര്‍ന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനും അനിമല്‍ റസ്‌ക്യൂവറുമായ കൈപ്പുറം അബ്ബാസിനെ വിവരമറിയിച്ചത്.രാത്രി 10 മണിയോടെ അബ്ബാസ് സ്ഥലത്ത് എത്തി.
ഒരു മണിക്കൂറോളം നീണ്ട് നിന്ന പരിശ്രമത്തിന് ശേഷം കുടം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റുകയായിരുന്നു. തല പുറത്ത് ചാടിയതോടെ നന്ദിപ്രകടനത്തിനൊന്നും കാത്ത് നില്‍ക്കാതെ നായ ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടു.
#straydog #head #trapped #aluminum #pitcher #rescued #kaippuram #abbas
