കോഴിക്കോട്: ( www.truevisionnews.com ) ജില്ലയിൽ ഇന്ന് വൈകിട്ട് നാല് മുതൽ ആറ് വരെ പെട്രോൾ പമ്പുകൾ അടച്ചിടും. പെട്രോളിയം അസോസിയേഷൻ ഡീലർ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് പ്രതിഷേധിച്ചാണ് പമ്പുകൾ അടച്ചിടുന്നത്.
അപ്രതീക്ഷിതമായി ഒരു സമരം പ്രഖ്യാപിക്കേണ്ടി വന്നു എന്നാണ് അസോസിയേഷൻ അറിയിക്കുന്നത്.
എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഡിലർമാർക്ക് ഇന്ധനം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് ചില പ്രശ്നങ്ങളുണ്ടായിരുന്നു.
പമ്പുകളിലേക്ക് ഇന്ധനം എത്തിച്ചുനൽകുന്ന ലോറി ഡ്രൈവർമാർക്ക് ഒരു തുക ചായക്കാശായി കൊടുക്കാറുണ്ട്. 300 രൂപയായിരുന്നു നൽകിയത്. ഇത് ഉയർത്തണമെന്ന ആവശ്യം ഡ്രൈവർമാർ ഉന്നയിച്ചിരുന്നു.
എന്നാൽ പറ്റില്ലെന്ന നിലപാടായിരുന്നു അസോസിയേഷന്. തർക്കം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടന്നിരുന്നു. ഈ തുക തന്നെ നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു പെട്രോൾ പമ്പുടമകൾ.
ഇന്ന് എലത്തൂർ എച്ച്പിസിഎൽ അധികൃതർ ഒരു ചർച്ചയ്ക്ക് വിളിച്ചു. ഈ ചർച്ചയ്ക്കിടെയാണ് കയ്യേറ്റമുണ്ടായത്. ഇതോടെ സമരം പ്രഖ്യാപിക്കുകയായിരുന്നു
#Petrol #pumps #Kozhikode #district #will #be #closed #today #from #4pm #6pm