മുംബൈ: പെർഫ്യൂം കുപ്പികളുടെ പുറത്ത് രേഖപ്പെടുത്തിയിരുന്ന എക്സ്പെയറി ഡേറ്റ് തിരുത്താൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേർ കുട്ടികളാണ്. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. മുംബൈയുടെ പരിസര പ്രദേശമായ നല്ലസൊപോറയിലെ റോഷ്നി അപ്പാർട്ട്മെന്റിലുള്ള 112-ാം റൂമിലായിരുന്നു സംഭവം നടന്നതെന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥർ വിശദീകരിച്ചു.
മഹാവീർ വാദർ (41), സുനിത വാദർ (38), കുമാർ ഹർഷവർദ്ധൻ വാദർ (9) കുമാരി ഹർഷദ വാദർ (4) എന്നിവർക്കാണ് പരിക്കേറ്റത്.
പെർഫ്യൂം കുപ്പികളിൽ എക്സ്പെയറി ഡേറ്റ് തിരുത്താൻ നടത്തിയ ശ്രമമാണ് പൊട്ടിത്തെറിയിൽ കലാശിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇതിനായി ഇവർ അപകടകരമായ ചില വസ്തുക്കൾ ഉപയോഗിച്ചുവെന്നും ഇത് പൊട്ടിത്തെറിക്ക് കാരണമായെന്നുമാണ് റിപ്പോർട്ടുകൾ.
ഗുരുതരമായി പരിക്കേറ്റ കുമാർ ഹർഷവർദ്ധനെ നല്ലസൊപോറ ലൈഫ് കെയർ ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തു തന്നെയുള്ള ഓസ്കാർ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം നടത്തുകയാണ്.
#Explosions #while #attempting #correct #dates #perfume #bottles #Four #members #family #were #injured