മുംബൈ: ( www.truevisionnews.com ) പുണെയില്‍ ബി.പി.ഒ. കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു. പുണെ യേർവാഡയിലെ 'ഡബ്ല്യൂ.എന്‍.എസ്.
ഗ്ലോബല്‍' കമ്പനിയിലെ ജീവനക്കാരി ശുഭദ കോദാരെ(28)യെയാണ് സഹപ്രവര്‍ത്തകനായ കൃഷ്ണ കനോജ(30) കുത്തിക്കൊലപ്പെടുത്തിയത്. കമ്പനിയുടെ പാര്‍ക്കിങ് ലോട്ടില്‍വെച്ച് ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ദാരുണസംഭവം.
ഒട്ടേറെപേര്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നെങ്കിലും ആയുധമുള്ളതിനാല്‍ പ്രതിയെ ആരും തടയാന്‍ ശ്രമിച്ചില്ല. പിന്നീട് സ്ഥലത്തുണ്ടായിരുന്നവര്‍ തന്നെ ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കറിക്കത്തി ഉപയോഗിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കള്ളം പറഞ്ഞ് യുവതി പണം കടംവാങ്ങിയതും ഇത് തിരികെ ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതുമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രതിയുടെ മൊഴി.
പ്രതിയായ കൃഷ്ണയും കൊല്ലപ്പെട്ട ശുഭദയും സഹപ്രവര്‍ത്തകരാണ്. നേരത്തെ പലതവണകളായി ശുഭദ ഇയാളില്‍നിന്ന് പണം കടംവാങ്ങിയിരുന്നു. അച്ഛന് സുഖമില്ലെന്നും ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു യുവതി കടം വാങ്ങിയത്.
തുടര്‍ന്ന് കൃഷ്ണ കടം നല്‍കിയ പണം തിരികെചോദിച്ചപ്പോൾ യുവതി ഇത് നല്‍കാന്‍ കൂട്ടാക്കിയില്ല. അച്ഛന്റെ ആരോഗ്യനില മോശമാണെന്നും ഇപ്പോള്‍ പണമില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി.
ഇതോടെ സംശയം തോന്നിയ കൃഷ്ണ യുവതിയുടെ നാട്ടിലെത്തി അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് യുവതിയുടെ അച്ഛന് യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്നും കള്ളം പറഞ്ഞാണ് യുവതി പണം കടംവാങ്ങിയതെന്നും വ്യക്തമായത്.
തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ കൃഷ്ണ യുവതിയെ കമ്പനിയിലെ പാര്‍ക്കിങ് ലോട്ടിലേക്ക് വിളിച്ചുവരുത്തി. കള്ളം പറഞ്ഞ് പണം കടംവാങ്ങിയത് ചോദ്യംചെയ്തു. താന്‍ കടം നല്‍കിയ പണം എത്രയും വേഗം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, യുവതി പണം നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രതി യുവതിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവസമയത്ത് നിരവധിപേര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും പ്രതിയെ തടയാന്‍ ശ്രമിച്ചില്ല. യുവതിയെ കുത്തിവീഴ്ത്തിയശേഷം പ്രതി കത്തി വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ വളഞ്ഞിട്ട് പിടികൂടിയത്. തുടര്‍ന്ന് യുവാവിനെ കൈകാര്യംചെയ്തശേഷം പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
#co #worker #who #regularly #borrows #when #he #came #home #investigate #defrauded #youngman #stabbed #28 #year #old #woman #death