പാനൂർ:(truevisionnews.com) പാനൂർ ഗവ. താലൂക്കാശുപത്രിയിലെ തീപിടിത്തത്തിൽ ഒഴിവായത് വൻ അപകടം.
ജനറേറ്റർ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് തീപ്പിടുത്തമുണ്ടായത്. പാനൂർ ഗവ. താലൂക്കാശുപത്രിയിൽ 11.45 ഓടെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കെ ജനറേറ്ററിൽ നിന്നും തീയാളിയത്.
ആശുപത്രി കോമ്പൗണ്ടിൽ ആണ് ജനറേറ്റർ ഉണ്ടായിരുന്നത്. കനത്ത പുകപടലമുയർന്നതേ തുടർന്ന് രോഗികളും ജീവനക്കാരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.
ഈ സമയം കുട്ടികളടക്കം നിരവധിയാളുകൾ സ്ഥലത്തുണ്ടായിരുന്നു.ഇവരെല്ലാം ഓടി റോഡിലേക്ക് മാറി. കത്തിയ ജനറേറ്ററിനരികെ വാഹനങ്ങളും നിർത്തിയിട്ടിരുന്നു.
ഇവ മാറ്റിയതിനാൽ വൻ അപകടമാണൊഴിവായത്. മെഡിക്കൽ ഓഫീസർ ഐ.അനിൽകുമാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാനൂർ ഫയർഫോഴ്സ് ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്.
സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത്, സീനിയർ ഓഫീസർ സൂരജ്, സേനാംഗങ്ങളായ ജിജേഷ്, രാഹുൽ, സുഭാഷ്, അജീഷ്, ശ്രീവത്സൻ, വിനിൽ, രത്നാകരൻ എന്നിവർ തീയണക്കാൻ നേതൃത്വം നൽകി.
ജനറേറ്റർ പൂർണമായും കത്തിനശിച്ചു. അനുബന്ധ വയറിംഗ് സാമഗ്രികളും കത്തിനശിച്ചു. ഏതാണ്ട് 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
#Fire #Panur #Govt #Taluk #Hospital #huge #accident #voided #loss #Rs10 #lakhs