ആലപ്പുഴ: ( www.truevisionnews.com ) അമ്പലപ്പുഴയില്‍ പെണ്‍സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
കൊല്ലം കുലശേഖരപുരം കൊച്ചുമാമ്മൂട് സ്വദേശി വിജയലക്ഷ്മി (48) യെ കൊലപ്പെടുത്തി മൃതദേഹം മറ്റൊരാളുടെ പറമ്പില്‍ കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി അമ്പലപ്പുഴ പുറക്കാട് കരൂര്‍ സ്വദേശി ജയചന്ദ്രനു(53)മായി പോലീസ് വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തിയത്.
നേരത്തെ കരുനാഗപ്പള്ളി പോലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, കൃത്യം നടന്നതും മൃതദേഹം കണ്ടെടുത്തതും അമ്പലപ്പുഴ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് കൈമാറിയിരുന്നു.
ഇതേത്തുടര്‍ന്നാണ് അമ്പലപ്പുഴ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും തെളിവെടുപ്പ് നടത്തിയത്.
കരൂരിലെ ജയചന്ദ്രന്റെ വീട്ടിലും പരിസരത്തുമാണ് വെള്ളിയാഴ്ച തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിനിടെ പ്രതിക്കെതിരേ ജനരോഷമുണ്ടായി. സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ പ്രതിക്കെതിരേ ആക്രോശിച്ചു. 'നീ ഇവിടെ വരരുത്, വന്നാല്‍ നിന്നെ ആ വെട്ടുകത്തിക്ക് കണ്ടിക്കും' എന്നായിരുന്നു ഒരു സ്ത്രീ പ്രതിയോട് പറഞ്ഞത്.
വീടിനടുത്ത് മറ്റൊരാളുടെ പറമ്പിലാണ് പ്രതി മൃതദേഹം കുഴിച്ചിട്ടത്. കൊന്നശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വിജയലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ എറണാകുളത്തുനിന്ന് കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ഉപേക്ഷിച്ചിരുന്നു.
ഭര്‍ത്താവില്‍നിന്നും രണ്ടു മക്കളില്‍നിന്നും അകന്നുകഴിയുന്ന വിജയലക്ഷ്മി വാടകവീട്ടില്‍ തനിച്ചായിരുന്നു താമസം. നവംബര്‍ ആറുമുതല്‍ ഇവരെ കാണാനില്ലെന്നുകാട്ടി സഹോദരി കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഏഴിനു പുലര്‍ച്ചെ ഒരുമണിക്കുശേഷമാണ് പ്രതി, കരൂരിലെ വീട്ടില്‍ കൊല നടത്തിയത്. മറ്റാരുമില്ലാത്തപ്പോഴാണ് ഇയാള്‍ വിജയലക്ഷ്മിയുമായി വീട്ടിലെത്തിയത്.
രാത്രിയില്‍ വിജയലക്ഷ്മി മറ്റൊരു സുഹൃത്തായ സുധീഷിനോടു ഫോണില്‍ സംസാരിച്ചതില്‍ പ്രകോപിതനായാണ് കൊല നടത്തിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നു.
വെട്ടുകത്തികൊണ്ട് തലയ്ക്കുപിന്നില്‍ വെട്ടിയും കട്ടിങ് പ്ലെയര്‍ കൊണ്ട് തലയ്ക്കടിച്ചുമാണ് കൊന്നതെന്ന് പോലീസ് പറഞ്ഞു. ആഭരണം കൈക്കലാക്കിയശേഷം മൃതദേഹം വലിച്ചുകൊണ്ടുപോയാണു കുഴിച്ചിട്ടത്. അതിനുമുകളില്‍ മെറ്റലും സിമന്റും വിതറുകയും ചെയ്തു.
ജയചന്ദ്രന് ഭാര്യയും എട്ടാം ക്ലാസില്‍ പഠിക്കുന്ന മകനുമുണ്ട്. അന്ന് ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. കരുനാഗപ്പള്ളിയില്‍നിന്ന് ബോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്ന ഇയാള്‍, അവിടെവെച്ചാണ് വിജയലക്ഷ്മിയെ പരിചയപ്പെട്ടത്. ഇവരുടെ അടുപ്പം ഭാര്യക്ക് അറിയാമായിരുന്നു. ഇതേച്ചൊല്ലി വഴക്കിടുകയും ഭാര്യ സ്വന്തം വീട്ടില്‍പ്പോയി നില്‍ക്കുകയും ചെയ്തിട്ടുണ്ട്.
#vijayalakshmi #murder #Public #anger #against #accused #who #killed #and #buried #woman #Ambalapuzha