കൊച്ചി: (www.truevisionnews.com) ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസ് ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള 2025-ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുന്ന ഉച്ചകോടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
വിദ്യാഭ്യാസം, സുസ്ഥിരത, നവീകരണം, സംരംഭകത്വം, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്മിറ്റ് ഭാവി ലോകത്ത് കേരളത്തിന്റെ പങ്ക് നിര്‍ണയിക്കുന്നതിനായി വിഭാവനം ചെയ്തതാണ്.
ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസ്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയാണ് പ്രധാന വേദികള്‍.
ആഗോള വിദഗ്ധര്‍ നയിക്കുന്ന സംവാദങ്ങള്‍, മാസ്റ്റര്‍ക്ലാസുകള്‍, ശില്‍പശാലകള്‍ കൂടാതെ റോബോട്ടിക്സിലും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലുമുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ ഉള്‍കൊള്ളുന്ന എക്സ്പോകള്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കും.
ഇതിന് പുറമേ രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളും പരിപാടികള്‍ക്ക് മാറ്റുകൂട്ടും.
ഒരു ടെക്നോളജിക്കല്‍ പവര്‍ഹൗസെന്ന നിലയില്‍ കേരളത്തിന്റെ അനന്തസാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്ന ജിടെക്സ് പോലുള്ള ആഗോള പ്രദര്‍ശനങ്ങളുടെ മാതൃകയില്‍ വിഭാവനം ചെയ്തിട്ടുള്ള ഫ്യൂച്ചര്‍ ടെക്ക് എക്സ്പോയാണ് സമ്മിറ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
നാളെയുടെ വെല്ലുവിളികളെ നേരിടാന്‍ സജ്ജമായിട്ടുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരിക്കും റോബോട്ടിക്സ്, നിര്‍മിതബുദ്ധി, ഗ്രീന്‍ടെക് എന്നീ രംഗങ്ങളിലെ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്സ്പോ.
കൃഷി മുതല്‍ സാങ്കേതികവിദ്യ വരെയുള്ള രംഗങ്ങളില്‍ സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാക്കി സുരക്ഷിത സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റിന് രൂപം നല്‍കിയതെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ.ടോം ജോസഫ് പറഞ്ഞു.
കൊച്ചി ഭാവി ആശയങ്ങളുടെ ഹബ്ബാക്കി മാറ്റുവാനും സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായുള്ള ഭാവിയിലെ വിദ്യാഭ്യാസം,സാങ്കേതികവിദ്യ, പരിസ്ഥിതി, സര്‍ഗാത്മക കലകള്‍, സംരംഭകത്വം, ഇന്നവേഷന്‍, എന്നീ വിഷയങ്ങള്‍ സമ്മിറ്റില്‍ ചര്‍ച്ച ചെയ്യുമെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ജെ.ലത പറഞ്ഞു.
ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സമ്മിറ്റ് നൂതനാശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കുമുള്ള ഒരു ചലനാത്മക വേദിയാകും.
വിവിധ രംഗങ്ങളിലെ വിദഗ്ധര്‍, നയരൂപീകരണ അധികാരികള്‍, വ്യവസായ പ്രമുഖര്‍, തുടങ്ങി വ്യത്യസ്ത രംഗങ്ങളിലുള്ളവരെ ഒരുമിച്ചു കൊണ്ടുവരുന്ന സമ്മിറ്റ്, ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറായിട്ടുള്ള സംസ്ഥാനമെന്ന നിലയ്ക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിന് വഴിയൊരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക: www.futuresummit.in
#SummitofFuture #Kerala #Logo #released #ChiefMinister #Hosted #KochiJainUniversity