തിരുവനന്തപുരം: (www.truevisionnews.com) ജനുവരി നാലുമുതൽ എട്ടുവരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതയ്ക്കു മാറ്റുകൂട്ടുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതസംഘ രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ വർഷത്തെ കലോത്സവത്തിൽ തദ്ദേശീയ കലാരൂപങ്ങളായ മംഗലംകളി, മലപുലയാട്ടം, ഇരുളനൃത്തം, പളിയനൃത്തം, പണിയനൃത്തം എന്നിവ പുതുതായി മത്സരയിനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം പതിനയ്യായിരത്തോളം വിദ്യാർഥികൾ സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മാറ്റുരയ്‌ക്കും. 2016-നുശേഷമാണ് തിരുവനന്തപുരം വീണ്ടും സംസ്ഥാന സ്‌കൂൾ കലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നത്.
പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനം, അയ്യങ്കാളി ഹാൾ, നിശാഗന്ധി ഓഡിറ്റോറിയം, ടാഗോർ തിയേറ്റർ, എസ്.എം.വി. സ്‌കൂൾ, മോഡൽ സ്‌കൂൾ ഉൾപ്പെടെ നഗരത്തിൽ 25ലധികം വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കലോത്സവ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരികൾ.
മന്ത്രി ജി.ആർ.അനിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു കെ. ജനറൽ കോഡിനേറ്ററുമായി സ്വാഗതസംഘം രൂപവത്കരിച്ചു.
#StateSchoolArtsFestival #January #Chief #Patrons #Governor #ArifMuhammadKhan #ChiefMinister #PinarayiVijayan