Nov 10, 2024 09:03 PM

പാലക്കാട്: (truevisionnews.com) മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും മന്ത്രി അബ്ദുറഹ്മാനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മന്ത്രി അബ്ദുറഹ്മാൻ അനാവശ്യ പ്രസ്താവനയാണ് നടത്തിയതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ അനാവശ്യ പരാമർശമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ക്ഷോഭിച്ച് സംസാരിക്കാൻ ഇടയാക്കിയത്. രണ്ട് സമുദായങ്ങളുടെ ഇടയിൽ അഭിപ്രായ വ്യത്യാസം വന്നാൽ അത് പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.

മുനമ്പത്ത് താമസിക്കുന്ന ജനങ്ങൾക്കൊപ്പമാണ് യു.ഡി.എഫ് എന്ന് അവർ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകോപനപരമായ പ്രസ്താവന ഒരു വഖഫ് ബോർഡ് അംഗവും നടത്തിയിട്ടില്ല. എന്തു കൊണ്ടാണ് സർക്കാർ വിഷയം പരിഹരിക്കാത്തതെന്നും മുരളീധരൻ ചോദിച്ചു.

രണ്ട് സമുദായങ്ങളെ തമ്മിൽ അകറ്റി മുതലെടുപ്പ് നടത്തുകയാണ്. ഇതു തന്നെയാണ് നരേന്ദ്ര മോദിയും ചെയ്യുന്നത്. മുനമ്പം വിഷയത്തിൽ സർവകക്ഷി ഉന്നതതല യോഗം നവംബർ 28ലാക്ക് മാറ്റിയത് എന്തിനാണെന്ന് മുരളീധരൻ ചോദിച്ചു.

പെട്ടിയുടെ പിന്നാലെ പോയി ഭരണപരാജയം മറച്ചുവെക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോവുകയാണ്. ജനകീയ വിഷയങ്ങളിലൊന്നും ഇടപെടാന്‍ അവര്‍ക്ക് താൽപര്യമില്ലെന്നും കെ. മുരളീധരന്‍ കുറ്റപ്പെടുത്തി സംസാരിച്ചു .

തിരുവിതാംകൂര്‍ മഹാരാജാവ് അബ്ദുൾ സത്താർ സേട്ടിന് 406 ഏക്കര്‍ ഭൂമി പാട്ടത്തിന് കൊടുത്തു എന്നും പിന്‍ഗാമിയായ സിദ്ധീഖ് സേട്ട് കോഴിക്കോട് ഫറൂഖ് കോളേജിന് മുനമ്പത്തെ ഭൂമി സിദ്ദീഖ് സേട്ട് വഖഫ് ചെയ്തു.തുടർന്ന്  ഫറൂഖ് കോളേജ് മാനേജ്‌മെന്റ് ഈ ഭൂമിയിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും പിന്നീട് ഇവിടെ മത്സ്യത്തൊഴിലാളികൾ ഭൂമി കൈയ്യേറി വീട് വച്ചുവെന്നുമാണ് മുനമ്പം ഭൂപ്രശ്‍നം.




Munambam#kmuralidharan #criticized #government #minister #abdulrahman

Next TV

Top Stories