കൽപ്പറ്റ: ( www.truevisionnews.com )പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനത്തിന്‍റെ സന്തോഷത്തിലാണ് കരിമാങ്കുളത്തെ കുടുംബം. പ്രിയങ്ക വീട്ടിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് തെയ്യാമ്മ എന്ന ത്രേസ്യ പറഞ്ഞു.
"പ്രിയങ്ക ഗാന്ധി വീട്ടിൽ വരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. വന്നപ്പോൾ സത്യമാണോ സ്വപ്നമാണോ എന്നറിയാത്ത അവസ്ഥയായിരുന്നു. ആ കുടുംബത്തോടാകെ സ്നേഹമാണ്. ഇന്ദിരാഗാന്ധി മരിക്കുമ്പോൾ ഞാൻ സ്കൂളിൽ ജോലി ചെയ്യുകയാണ്.
അന്ന് മൌനജാഥ നടത്തിയതൊക്കെ ഓർമയുണ്ട്. അത്ര ആത്മബന്ധമാണ്. എന്‍റെ മക്കളുടെ പ്രായമേയുള്ളൂ പ്രിയങ്കയ്ക്കും രാഹുലിനും. എന്‍റെ കൈയിലിരുന്ന കൊന്ത കൊടുക്കാൻ പെട്ടെന്ന് തോന്നി.
മദർ തരേസ കൊന്ത തന്നിട്ടുണ്ട്. ഇതും അതുപോലെ സൂക്ഷിച്ചു വെക്കുമെന്ന് പ്രിയങ്ക പറഞ്ഞു. എന്താ കൊടുക്കേണ്ടെ എന്ന് അറിയാത്ത അവസ്ഥയായിരുന്നു. എന്നിട്ട് മിഠായി കൊടുത്തു"- ത്രേസ്യ പറഞ്ഞു.
ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിർത്തുകയായിരുന്നു. പ്രിയങ്കയെ കാണാൻ അമ്മയ്ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ വീട് എവിടെയെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി വാഹനം അങ്ങോട്ടേക്ക് എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
പ്രധാന പാതയിൽ നിന്ന് 200 മീറ്റർ അകലെയുള്ള വീട്ടിലേക്ക് വാഹനം ചെന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് ഓടിയെത്തി. ഏറെ നേരം ത്രേസ്യയുമായി സംസാരിച്ച് തന്‍റെ മൊബൈൽ നമ്പർ കൈമാറിയ ശേഷം വയനാട്ടിൽ തനിക്ക് പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയെന്ന് പറഞ്ഞ് സ്നേഹം പങ്കുവച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. പ്രിയങ്ക താമസിക്കുന്ന ഹോട്ടലിന് അടുത്തുള്ള വീട്ടിലെ താമസക്കാരാണ് ഇവർ.
വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കന്നിയങ്കത്തിനിറങ്ങുകയാണ് പ്രിയങ്ക ഗാന്ധി. അമ്മ സോണിയ ഗാന്ധി, ഭർത്താവ് റോബർട് വദ്ര, മകൻ രെഹാൻ എന്നിവർ പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്‍റെ തിരക്കിലായതിനാൽ രാഹുൽ ഗാന്ധിക്ക് ഇന്നലെ എത്തിച്ചേരാനായില്ല. ഇന്ന് റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും. 10 ദിവസം നീളുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി വയനാട്ടിൽ തന്നെ തുടരും.
#thresya #shares #happiness #priyankagandhi #heartwarming #surprie #visit