കാഞ്ഞിരപ്പള്ളി: (truevisionnews.com) കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍നിന്നു വാങ്ങിയ പ്രഭാതഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് കാന്റീന്‍ വീണ്ടും അടച്ചുപൂട്ടി.
വാഴൂര്‍ കണ്ടപ്ലാക്കല്‍ കെ.ജി. രഘുനാഥന്‍ ബുധനാഴ്ച രാവിലെ പാഴ്സലായി അപ്പത്തിനൊപ്പം വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടെത്തിയത്. സംഭവത്തില്‍ രഘുനാഥന്‍ ആശുപത്രി സൂപ്രണ്ടിന് പരാതിനല്‍കി.
ചൊവ്വാഴ്ച വാങ്ങിയ ഭക്ഷണത്തില്‍ വണ്ടിനെ കണ്ടെത്തിയതായും പരാതിയിലുണ്ട്. ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തിയശേഷം ഉച്ചയോടെ കാന്റീന്‍ അടപ്പിച്ചു.
കീടനിയന്ത്രണം നടത്തി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയ്ക്കുശേഷം മാത്രം തുറന്നുപ്രവര്‍ത്തിപ്പിക്കാവൂവെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാവിലെ ആശുപത്രി അധികൃതര്‍ക്ക് ലഭിച്ച വാക്കാലുള്ള പരാതിയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വൃത്തിഹീനമായ സാഹചര്യം കണ്ടെത്താനായില്ല.
ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലും മറ്റ് വൃത്തിഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ജനറല്‍ ആശുപത്രിയിലെ കാന്റീനില്‍നിന്ന് പാഴ്സലായി വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ കാന്റീന്‍ അടച്ചുപൂട്ടിയിരുന്നു.
വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്ന് അടപ്പിച്ചത്. പിന്നീട് വൃത്തിയാക്കിയശേഷമാണ് കാന്റീന്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കിയത്.
#cockroach #Found #bought # parcel #bread #generalhospital #canteen #closed