ചാരുംമൂട്(ആലപ്പുഴ) : (truevisionnews.com ) സി.പി.എം. പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളിൽ വിഭാഗീയത. വനിതാ ബ്രാഞ്ച് സെക്രട്ടറി ഇറങ്ങിപ്പോയി.
കഴിഞ്ഞദിവസം നടന്ന പള്ളിക്കൽ വടക്ക് ബ്രാഞ്ച് സമ്മേളനത്തിൽനിന്നുമാന് മിനിറ്റ്‌സ് ബുക്കുമായി വനിതാ ബ്രാഞ്ച് സെക്രട്ടറി ഇറങ്ങിപ്പോയത് . എൽ.സി. സെക്രട്ടറിയാണ് സമ്മേളനം ഉദ്ഘാടനംചെയ്തത്.
സംസ്ഥാന കമ്മിറ്റി നൽകിയ മാർഗരേഖയ്ക്കു വിരുദ്ധമായി ജില്ലാ സെക്രട്ടേറിയറ്റംഗത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചത് പ്രതിനിധികൾ തമ്മിലുള്ള വഴക്കിൽ കലാശിച്ചു.
ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വനിതയ്ക്കുപകരം കെ.എസ്.എഫ്.ഇ.യിലെ ഒരു ജീവനക്കാരന്റെ പേര് ഉയർന്നുവന്നു. സർക്കാർ ജോലിക്കാർ ബ്രാഞ്ച് സെക്രട്ടറിയാകാൻ പാടില്ലെന്ന വാദം പ്രതിനിധികൾ ഉന്നയിച്ചു.
എന്നാൽ, ഇതിനു വഴങ്ങാതെ ആർക്കും ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാമെന്ന നിർദേശമാണ് നേതൃത്വം നൽകിയത്.ചൂടേറിയ വിഭാഗീയതയിലേക്കു കടന്നപ്പോൾ ലോക്കൽ സമ്മേളന പ്രതിനിധികളായ നാലുപേരുടെ പേര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബ്രാഞ്ച് സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഇതു സംഘടനാപരമായ രീതിയല്ലെന്നു ചൂണ്ടിക്കാട്ടി ബ്രാഞ്ച് സെക്രട്ടറി മിനിറ്റ്‌സ് ബുക്കും മറ്റു രേഖകളുമായി ഇറങ്ങിപ്പോകുകയായിരുന്നു. പയ്യനല്ലൂർ ബ്രാഞ്ച് സമ്മേളനത്തിൽ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കു മത്സരംവന്നതോടെ സമ്മേളനം നിർത്തിവെച്ചു.
പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ സംഘടനാപരമായ രീതിയിലല്ല നടക്കുന്നതെന്നുകാണിച്ച് ഒരുവിഭാഗം സി.പി.എം. ജില്ലാ കമ്മിറ്റിക്കു പരാതി നൽകിയിട്ടുണ്ട്.
#sectarianism #branch #conferences #female #branch #secretary #left #with #minutes #book