മുണ്ടക്കയം: (truevisionnews.com) അപകടത്തിൽ പരിക്കേറ്റുകിടന്ന യുവാവിന് രക്ഷകരായി കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. ദേശീയപാതയിൽ ചോറ്റി നിർമ്മലാരത്ത് തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം.
വണ്ടിപ്പരിയാർ സ്വദേശിയായ കൂടത്തിൽ അഭിജിത്ത് ഓടിച്ച ബൈക്ക് ചോറ്റി നിർമ്മാലത്ത് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ ആരും തയാറായില്ല.
വാഹനയാത്രികർ പലരും കാഴ്ചക്കാരായി നിന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനായി കടന്നുപോയ വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും തയാറായില്ല. ഇതിനിടയിലാണ് കെ.എസ്.ആർ.ടി.സി ബസ് നിറയെ യാത്രക്കാരുമായി എത്തിയത്.
ഗുരുതര പരിക്കേറ്റ യുവാവിനെ രക്തംവാർന്ന് ജീവൻ അപകടത്തിലാകുമെന്ന അവസ്ഥയിലായിരുന്നു. ഇത് മനസ്സിലാക്കിയ കണ്ടക്ടറും ഡ്രൈവറും ചേർന്ന് അഭിജിത്തിനെ കെ.എസ്.ആർ.ടി.സി ബസിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.
ആശുപത്രി വളപ്പിൽ ബസ് എത്തിയത് കണ്ട ആശുപത്രി ജീവനക്കാർ ഉടനെ സ്ട്രക്ച്ചറുമായി ഓടിയെത്തി അഭിജിത്തിനെ അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ നൽകി.
ബസ് കണ്ടക്ടർ കൂരോപ്പട സ്വദേശി ആലുങ്കൽ പറമ്പിൽ ജെയിംസ് കുര്യൻ, ഡ്രൈവർ ചെറുവള്ളി സ്വദേശി ഉതിര കുളത്ത് കെ.ബി. രാജേഷ് എന്നിവരാണ് സഹജീവി സ്നേഹത്തിൽ മാതൃകയായത്.
#KSRTC #saved #Youngman #who #bleeding #road #employees #hospital #bus