ബിഗ് സല്യൂട്ട് ടു പിണറായി ; അഭിമാനിക്കാം മലയാളികൾക്ക്

ബിഗ് സല്യൂട്ട് ടു പിണറായി ; അഭിമാനിക്കാം മലയാളികൾക്ക്
Sep 24, 2021 01:30 PM | By Truevision Admin

വിവാദ വ്യവസായത്തിനേറ്റ വായടപ്പൻ പ്രഹരമാണ് പ്രബുദ്ധകേരളത്തിന്റെ സുചിന്തിതമായ ജനവിധി. പിന്തിരിപ്പൻ നിക്ഷിപ്ത താല്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന വലതുപക്ഷ വാർത്താ മാധ്യമങ്ങളുടെ ഉപജാപങ്ങൾക്കൊത്ത് ഉറഞ്ഞുതുള്ളുന്ന പ്രതിപക്ഷ രാഷ്ട്രീയ മൗഢ്യത്തിനുള്ള ചുട്ട മറുപടിയാണ് നിയമസഭാ തെരഞ്ഞെടുപ്പുഫലം.

ചരിത്രംകുറിച്ച ഉജ്വല വിജയത്തോടെ എൽ ഡി എഫ് കൈവരിച്ച തുടർഭരണനേട്ടം യു ഡി എഫിനും ബി ജെ പിക്കും മാത്രമല്ല, കേന്ദ്ര ഭരണക്കാർക്കും ശക്തമായ താക്കീതാണ്. വിവിധ അന്വേഷണ ഏജൻസികളെ ദുരുപയോഗംചെയ്ത് സംസ്ഥാന ഭരണത്തെ വിരട്ടാൻ തുനിഞ്ഞ നരേന്ദ്രമോദി – അമിത്ഷാ വാഴ്ചക്കെതിരെയുള്ള തിരിച്ചടികൂടിയാണ് വോട്ടെടുപ്പിൽ ആഞ്ഞുവീശിയ ജനവികാരം.

വാർത്താ ചാനലുകളിലെ അന്തിച്ചർച്ചക്കാരുടെ അധരവ്യായാമത്തിനും മകാരാദി പത്രങ്ങളിലെ നുണക്കഥാ പരമ്പരകൾക്കും വോട്ടർമാരെ തെല്ലും സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ജനവിധി തെളിയിക്കുന്നത്. ആയിരം നാവുള്ള അനേകം അനന്തന്മാർ എന്തെല്ലാം നുണകൾ എത്രവട്ടം ആവർത്തിച്ചാലും ആളുകൾ അനുഭവങ്ങളിലൂടെ തിരിച്ചറിയുന്ന സത്യം അതിജീവിക്കുകതന്നെ ചെയ്യും. പെരുംകള്ളങ്ങളുടെ സുനാമിത്തിരകൾക്കൊന്നും മുക്കിക്കളയാനാവാത്തതാണ് ജനപക്ഷ രാഷ്ട്രീയത്തിന്റെ നേരും നന്മയുമെന്ന് ഒരിക്കൽകൂടി വ്യക്തമായിരിക്കയാണ്.

മലകളും മരങ്ങളും കരിമ്പാറമടകളുംവരെ കുത്തിയൊലിച്ച കോളിളക്കത്തോടെ സർവനാശം വിതച്ച കൊടുംപ്രളയത്തിലും , പരക്കെ മരണഭീതി പരത്തിയ മഹാമാരിയിലും കൂസാതെ, പതറാതെ ജനങ്ങളെ കരുതലോടെ കാത്ത ഇടതുപക്ഷ ഭരണത്തോടും അതിന്റെ തലവനോടുമുള്ള കൂറും കടപ്പാടുമാണ് വോട്ടർമാർ പ്രകടിപ്പിച്ചത്. എന്നാൽ , നാടിനെയാകെ നെഞ്ചോടുചേർത്തുനിർത്തി കടുത്ത പ്രതിസന്ധികളോട് ചങ്കുറപ്പോടെ പൊരുതിനിന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഇകഴ്ത്തിക്കാട്ടാനും എതിർക്കാനുമായിരുന്നു എത്രയോ മാസങ്ങളായി ഏതാനും മാധ്യമങ്ങളുടെ നിദ്രാവിഹീന കൂടോത്രങ്ങൾ .

സംസ്ഥാന സർക്കാരിനെയും അതിനെ നയിക്കുന്ന മന്ത്രിമാരെയും കരിതേച്ചുകാട്ടാൻ പടച്ചുവിട്ട അഴിമതിക്കഥകൾ എന്തെല്ലാമായിരുന്നു…! സ്വർണക്കടത്ത് – ഖുർആൻ – ഈന്തപ്പഴം – ഡോളർ കടത്തലുകൾ, ഡേറ്റ ചോർത്തൽ, പിൻവാതിൽ നിയമനം, കിഫ്ബി നിക്ഷേപ സമാഹരണം, സംസ്ഥാന ബാങ്ക് രൂപീകരണം, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയ എന്തെല്ലാം വിവാദങ്ങളായിരുന്നു ഒന്നിനുപിറകെ ഒന്നായി ഉയർത്തിക്കൊണ്ടുവന്നത്. ഒട്ടും ഉത്തരവാദിത്തബോധമില്ലാതെ വായിൽ വരുന്നതെന്തും വിളിച്ചുകൂവുന്ന ചെന്നിത്തല – സുരേന്ദ്രന്മാർക്ക് വേണ്ട വിഭവങ്ങൾ നിത്യേന വെച്ചുവിളമ്പിക്കൊടുക്കുകയായിരുന്നല്ലോ ചില മാധ്യമ കേസരികൾ.

മുമ്പൊരിക്കലുമുണ്ടാവാത്ത കഠിനദുരിതത്തിന്റെ നാളുകളിൽ നാട്ടുകാർക്ക് തുണയായി ഒരുമിച്ചുനിൽക്കേണ്ട നാളുകളിലായിരുന്നു ഈ അല്പത്തരങ്ങളൊക്കെ അരങ്ങേറിയത്. അറപ്പും വെറുപ്പും ഇരന്നുവാങ്ങിയ പ്രതിപക്ഷ നേതാവിന്റെയും ബി ജെ പി സംസ്ഥാന അധ്യക്ഷന്റെയും പ്രതിദിന പത്രസമ്മേളനങ്ങൾ എത്ര പരിഹാസ്യമായിരുന്നു..! കടുത്ത സാമ്പത്തിക പ്രയാസത്തിനിടയിലും നടപ്പാക്കിയ നിസ്തുലമായ ജനക്ഷേമനടപടികളിലും വികസനപദ്ധതികളിലും കുറ്റംമാത്രം കണ്ടെത്താനായിരുന്നല്ലോ അവർക്ക് താല്പര്യം.

എന്നിട്ടും ഇവിടെ യു ഡി എഫ് അനായാസം ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീതി പരത്താൻ ഒരുകൂട്ടം മാധ്യമങ്ങൾ തുടർച്ചയായി മിനക്കെട്ടില്ലേ. അതിന്റെ ബലത്തിൽ എത്ര മോഹനമായ മനക്കോട്ടയായിരുന്നു ബി ജെ പി സംസ്ഥാന വക്താക്കൾപോലും കെട്ടിപ്പൊക്കിയത്. എൻ ഡി എ സീറ്റുകൾ രണ്ടക്കത്തിലേക്ക് ഉയർത്തുമെന്നായിരുന്നല്ലോ പ്രചാരണം. പക്ഷേ, മെട്രോ മാനെയും സൂപ്പർ താരത്തെയും മുൻ ഗവർണറെയും ഉൾപ്പെടെ മത്സരത്തിനിറക്കിയിട്ടും നിലവിലുള്ള ഏക സീറ്റും നഷ്ടപ്പെടുകയല്ലേയുണ്ടായത്.

കോൺഗസ്സാകട്ടെ , മത്സരിച്ച പാതിയിലേറെ സീറ്റിലും തോറ്റ് ഏതാണ്ട് മുസ്ലീം ലീഗിന്റെ ഒപ്പമായിരിക്കയാണ്. എന്നാൽ , കാറ്റ് ഭരണത്തുടർച്ചയ്ക്ക് അനുകൂലമാണെന്ന് വന്നതോടെ നിഷ്പക്ഷ മുഖംമൂടി വീണ്ടും അണിയാൻ മലയാള മനോരമവരെ മുതിർന്നിട്ടുണ്ടിപ്പോൾ. പിണറായിയെക്കുറിച്ചുള്ള വീരാപദാനങ്ങൾ പല ടി വി ചാനലുകളും ഞായറാഴ്ച ഉച്ചതൊട്ടേ തുടങ്ങി.

മകാരാദി പത്രങ്ങളുടെ തലക്കെട്ടുകളിലെ വിശേഷണങ്ങളും വർണനകളും നാളെ വായനക്കാരുടെ കണ്ണു തള്ളിക്കും. പ്രമുഖ ഗാന്ധിയൻ ചിന്തകനും എഴുത്തുകാരനും പത്രാധിപരുമായിരുന്ന തായാട്ട് ശങ്കരൻ നാലു പതിറ്റാണ്ടുമുമ്പ് മുഖ്യധാരാ പത്രങ്ങളെ സംബന്ധിച്ച് രേഖപ്പെടുത്തിയ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. അതിവിടെ ഉദ്ധരിക്കട്ടെ. ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന മാധ്യമ കള്ളത്തരങ്ങളുടെ തൊലിയുരിച്ചു കാട്ടുന്ന ശക്തമായ വിമർശനമാണിത്.

“ജനാധിപത്യത്തിന്റെ കാവൽക്കാരായ ദേശീയപത്രങ്ങളുടെ പ്രതികരണരീതി കാണുമ്പോൾ അമർഷത്തേക്കാളേറെ തമാശയാണ് തോന്നുക. അവർക്ക് ലോകത്തിലെങ്ങുമുള്ള രണ്ടുതരം കമ്യൂണിസ്റ്റുകാരെ ബഹുമാനമാണ്. ഒന്ന് പാർട്ടിയിൽനിന്ന് പുറംതള്ളപ്പെട്ട (രാജി വെച്ച ) കമ്യൂണിസ്റ്റുകാരൻ; മറ്റൊന്ന് മരിച്ച കമ്യൂണിസ്റ്റുകാരൻ. മറ്റെല്ലാം അലവലാതികളാണ്. കേരളത്തിലെ കമ്യൂണിസ്റ്റുകാരെ മാത്രം വെച്ചുനോക്കൂ.

സർദാർ ചന്ത്രോത്ത് കുഞ്ഞിരാമൻ നായർ, കെ പി ആർ ഗോപാലൻ തുടങ്ങിയവർ പാർട്ടിയിലുണ്ടായിരുന്നപ്പോൾ വെറും പീറകളും പാർട്ടിവിട്ട് പുറത്തുവന്നപ്പോൾ ധീരവിപ്ലവകാരികളും ആയിത്തീർന്നു. മർദിതരും പീഡിതരുമായ നിസ്സഹായർക്കുവേണ്ടി മർദനവും ജയിലും പട്ടിണിയും ഏറ്റുവാങ്ങി നിത്യരോഗിയായിത്തീർന്ന എ കെ ഗോപാലൻ, അദ്ദേഹം പൊരുതിക്കൊണ്ടിരിക്കെ ഭൂമിക്കൊരു ഭാരമായിരുന്നു ; ശപിക്കപ്പെട്ടവനായിരുന്നു.

എന്നാൽ മരിച്ചപ്പോൾ അദ്ദേഹത്തെ പ്രശംസിക്കാൻ മാതൃഭൂമിയും മനോരമയും എവിടെനിന്നെല്ലാമാണ് പദങ്ങൾ തേടിക്കൊണ്ടുവന്നത് … കണ്ണീരിന്റെ മുത്തുമാലകളും പ്രതീക്ഷകളുടെ പൂമാലകളുംകൊണ്ട് റീത്തുകൾ സമർപ്പിച്ചു. അദ്ദേഹത്തിന്റെ സ്വന്തം അനുയായികൾക്ക് ഒന്നു കാണാൻപോലും കഴിയാത്തവിധം മൂടിപ്പൊതിഞ്ഞു ….” ഇതേ രീതിയാണ്, ഇതുതന്നെയാണ് ഇപ്പോഴും മലയാളത്തിലെ മുഖ്യാധാരാ വാർത്താ മാധ്യമങ്ങൾ പയറ്റിക്കൊണ്ടിരിക്കുന്നതും.

പക്ഷേ, ഒരു വ്യാഖ്യാനവും വിലയിരുത്തലുമില്ലാതെ ആർക്കും ബോധ്യപ്പെടുന്ന ഐതിഹാസിക വിജയമാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ – ജനാധിപത്യ മുന്നണി കൈവരിച്ചത്. വർത്താസന്ധ്യകളെ മലീമസമാക്കുന്ന വികല വീക്ഷണക്കാരുടെ ഇംഗിതമനുസരിച്ചല്ല കേരളത്തിലെ സാധാരണ വോട്ടർമാരുടെ വിധിയെഴുത്ത്. അവർ രാഷ്ട്രീയം പഠിക്കുന്നത് ആർജവമുള്ള സ്വന്തം അനുഭവങ്ങളിൽനിന്നാണ്. ചാനലുകളിൽ അന്തിച്ചർച്ചക്കെത്തുന്ന കപട ബുദ്ധിജീവികൾക്കോ ഔദ്ധത്യം അലങ്കാരമാക്കിയ ആങ്കർ ജഡ്ജിമാർക്കോ അവരുടെയത്ര രാഷ്ട്രീയ റേയ്ഞ്ചില്ല.

വലതുപക്ഷ പത്രങ്ങളുടെ രാഷ്ട്രീയ പ്രചാരവേലയ്ക്ക് വ്യാപകമായ അഭിപ്രായ രൂപീകരണ ശേഷിയുണ്ടായിരുന്ന കാലവും കഴിഞ്ഞു. നിങ്ങൾ പടച്ചുവിടുന്ന നുണയമ്പുകൾ തത്സമയം നുള്ളിക്കളയാൻ നല്ല കരുത്തുറ്റ നവമാധ്യമങ്ങൾ നിറഞ്ഞ സൈബർ യുഗമാണിത്. പണ്ട് ചെയ്തിരുന്നപോലെ എന്തും പറഞ്ഞുപരത്തി നാട്ടുകാരെ കബളിപ്പിക്കാനാവില്ല.

Big Salute to Pinarayi; Malayalees can be proud

Next TV

Related Stories
പിറക്കും മുമ്പെ കൊല്ലരുത് ! ഇന്ന് ബാലിക അവകാശ ദിനം

Oct 11, 2022 02:48 PM

പിറക്കും മുമ്പെ കൊല്ലരുത് ! ഇന്ന് ബാലിക അവകാശ ദിനം

ലോകം ഇന്ന് ( ഒക്ടോബര്‍ 11 )- ബാലിക അവകാശ ദിനം ആചരിക്കുമ്പോൾ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, അവര്‍ നേരിടുന്ന...

Read More >>
പൊതുനിർമ്മാണ പ്രവൃത്തി; ഗുണമേന്മ കൂട്ടാൻ കരാറുകാരെ തളയ്ക്കണം - കെ വി കുഞ്ഞിരാമൻ

Aug 26, 2022 08:45 PM

പൊതുനിർമ്മാണ പ്രവൃത്തി; ഗുണമേന്മ കൂട്ടാൻ കരാറുകാരെ തളയ്ക്കണം - കെ വി കുഞ്ഞിരാമൻ

പൊതുനിർമ്മാണ പ്രവൃത്തി; ഗുണമേന്മ കൂട്ടാൻ കരാറുകാരെ...

Read More >>
Top Stories