മുംബൈ:(truevisionnews.com) അഭിഭാഷകയെ വിഡിയോ കോളിൽ വിവസ്ത്രയാക്കി ഭീഷണിപ്പെടുത്തിയ സംഘം 50,000 രൂപ തട്ടിയെടുത്തു.
മുംബൈയിലെ അന്ധേരിയിലാണ് സംഭവം. 36 കാരിയായ അഭിഭാഷകയാണ് തട്ടിപ്പിനിരയായത്.
ഇവരെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിഡിയോ കോളിൽ നഗ്ന വിഡിയോ എടുത്ത് തട്ടിപ്പ് നടത്തിയത്.
അഭിഭാഷക ഒരു ഷോപ്പിങ് മോളിൽ നിൽക്കുമ്പോഴാണ് ട്രായ് യിൽ നിന്നാണെന്ന് പറഞ്ഞ് കോൾ വന്നത്.
തുടർന്ന് അഭിഭാഷകയുടെ സിം കാർഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ഉടൻ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞു.
ഇത് ഒഴിവാക്കാനായി പൊലീസ് ക്ലിയറൻസ് വാങ്ങണമെന്നു പറഞ്ഞ് മറ്റൊരാൾക്ക് ഫോൺ കൈമാറി.
ഫോൺ കൈമാറിയ ആൾ അന്ധേരി സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥയാണെന്നാണ് പറഞ്ഞത്. ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ ഉൾപ്പെട്ട കള്ളപ്പണ കേസിൽ അഭിഭാഷകക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
അതിനു ശേഷം പരിശോധന നടത്താൻ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറാൻ തട്ടിപ്പുസംഘം ആവശ്യപ്പെട്ടു. ഇതോടെ അഭിഭാഷക സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു.
ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനും കേസ് രേഖകളിൽ രേഖപ്പെടുത്തിയ ശരീരത്തിലെ അടയാളങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനുമായി വസ്ത്രങ്ങൾ അഴിക്കാനായിരുന്നു സംഘം ആവശ്യപ്പെട്ടത്.
വനിത ഉദ്യോഗസ്ഥയാണ് വിഡിയോ കോളിൽ പരിശോധനനടത്തുക എന്നും പറഞ്ഞു. ഇത് വിശ്വസിച്ച അഭിഭാഷക തട്ടിപ്പുകാരുടെ നിർദേശമനുസരിച്ച് വിഡിയോ കോളിൽ വിവസ്ത്രയായി നിന്നു.
വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ തട്ടിപ്പുസംഘം പകർത്തി. അതിനു ശേഷം കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ 50,000 രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് ആരോടും പറയരുതെന്നും ഭീഷണി മുഴക്കി. പിന്നാലെ നഗ്ന ചിത്രങ്ങൾ അയച്ചതോടെ സംഗതി തട്ടിപ്പാണെന്ന് അഭിഭാഷകക്ക് മനസിലായി.
തുടർന്ന് ഭർത്താവിനെ വിവരമറിയിച്ച അഭിഭാഷക പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
#lawyer #threatened #with #nakedness #video #call #Police #registered #case