മേപ്പാടി : (truevisionnews.com) ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചയാളുടെ ശരീരഭാഗങ്ങൾ രണ്ടു കുഴിമാടങ്ങളിലായി അടക്കം ചെയ്തത് പുറത്തെടുത്ത് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
ചൂരൽമല സ്വദേശി തേക്കിലക്കാട്ടിൽ ജോസഫിന്റെ (ജോയി) ശരീരഭാഗങ്ങളാണ് സംസ്കരിച്ചത്. ഡിഎൻഎ പരിശോധനാ ഫലം വന്നപ്പോഴാണ് പൊതുശ്മശാനത്തിൽ രണ്ടു കുഴികളിൽ സംസ്കരിച്ചത് ജോയിയുടെ ശരീരഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.
ഡിഎൻഎ പരിശോധനാ ഫലം വരുമ്പോൾ ആളുകളെ തിരിച്ചറിഞ്ഞാൽ കുടുംബത്തിന്റെ ആവശ്യപ്രകാരം കുഴി തുറന്ന് ശരീരം പുറത്തെടുക്കാമെന്നും കുടുംബത്തിന് താൽപര്യമുള്ള സ്ഥലത്ത് അടക്കം ചെയ്യാമെന്നും ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജോയിയുെട ശരീരഭാഗങ്ങൾ പുറത്തെടുത്ത് ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിച്ചത്.
തിരിച്ചറിയാത്ത എൺപതോളം മൃതദേഹങ്ങളാണ് പുത്തുമലയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചത്. എച്ച്എംഎൽ വിട്ടു നൽകിയ ഭൂമിയാണ് പൊതു ശ്മശാനമാക്കിയത്.
മുണ്ടക്കൈ, ചൂരൽമല, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നു ലഭിച്ച മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും പ്രത്യേകം നമ്പർ നൽകിയാണ് പൊതു ശ്മശാനത്തിൽ സംസ്കരിച്ചത്.
ജോയിയുടെ ശരീര ഭാഗങ്ങൾ രണ്ടു സ്ഥലങ്ങളിൽനിന്നു ലഭിച്ചതുകൊണ്ടാകാം രണ്ടു കുഴികളിൽ അടക്കം ചെയ്തത്. മുൻപും രണ്ട് കുഴികളിലായി അടക്കം ചെയ്തത് ഒരാളുടെ തന്നെ മൃതദേഹമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പൊതുശ്മശാനത്തിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മറ്റൊരു സ്ഥലത്ത് അടക്കുന്നത് ആദ്യമാണ്.
മുൻപും ഡിഎൻഎ ഫലങ്ങൾ വന്നപ്പോൾ പൊതുശ്മശാനത്തിൽ അടക്കം ചെയ്ത മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെങ്കിലും കുഴിമാടം തുറക്കാൻ ബന്ധുക്കൾ താൽപര്യപ്പെട്ടില്ല. ജോസഫിന്റെ ഭാര്യയുടെ ലീലാമ്മയുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.
#DNA #guide #Buried #two #graves #Joseph's #body #exhumed #buried #cemetery