കൊട്ടാരക്കര: (truevisionnews.com) വെട്ടിക്കവല ഗിരദീപത്തിൽ (ഉമ്മന്നൂർ ചെപ്ര കാവുങ്കൽ പുത്തൻവീട്) ഗിരീഷ് പിള്ള (48) മഹാരാഷ്ട്രയിൽ കൊലചെയ്യപ്പെട്ടെന്ന വാർത്തയുടെ ഞെട്ടലിലാണ് നാട് .
കോലാപൂർ ഹുപ്രിയിൽ മുപ്പതുവർഷമായി ടയറുകട നടത്തുകയായരുന്നു ഗിരീഷ് പിള്ള. ഒരുവർഷംമുൻപാണ് ഭാര്യ ദീപാകുമാരിയെയും മകൻ പ്രണവിനെയും നാട്ടിലേക്കയച്ചത്.
ഓണത്തിനു നാട്ടിലെത്താനായി 12-ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഗിരീഷ് പിള്ള കൊല്ലപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് ബന്ധുക്കൾക്കു ലഭിക്കുന്നത്.
മഹാരാഷ്ട്രയിലെ ജോലി മതിയാക്കി നാട്ടിൽ ടയറുകട തുടങ്ങുന്നതിനുള്ള തീരുമാനത്തിലായിരുന്നു കുടുംബം. ദിവസവും രാത്രിയിൽ ഭക്ഷണത്തിനുമുൻപ് വീട്ടിലേക്ക് വിളിക്കാറുള്ള ഗിരീഷ് വ്യാഴാഴ്ച വിളിച്ചിരുന്നില്ല.
ദീപ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തതുമില്ല. തുടർന്ന് അവിടെയുള്ള പരിചയക്കാരെ വിവരമറിയിക്കുകയും അവർ പോയി നോക്കിയപ്പോൾ വെട്ടേറ്റനിലയിൽ ഗിരീഷ് പിള്ളയെ കാണുകയുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
കടയടച്ച് താമസസ്ഥലത്തേക്ക് പോയ ഗിരീഷ് പിള്ളയെ ടയറിൽ കാറ്റുനിറയ്ക്കാനായി ഒരുസംഘം വിളിച്ചുകൊണ്ടു പോയെന്നും കൂലി ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് ലഭിച്ച വിവരം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ച് വെട്ടിക്കവലയിലെ വീട്ടുവളപ്പിൽ പന്ത്രണ്ടോടെ സംസ്കരിക്കും. അച്ഛൻ: പരേതനായ വിശ്വനാഥൻ പിള്ള. അമ്മ: സരസ്വതി അമ്മ.
#maharashtra #murder #Malayali #he #had #ticket #country #Onam #country #shock