തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ള എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
കേരളത്തിൽ കൊവിഡ് 19 ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപനം കൂടുകയാണെന്നും എന്നാൽ രോഗതീവ്രത കുറവാണെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രോഗികളുമായി ബന്ധപ്പെടുന്ന എല്ലാവര്ക്കും ക്വാറൻ്റൈൻ ആവശ്യമില്ലെന്നും രോഗിയെ അടുത്തു പരിചരിക്കുന്നവര്‍ മാത്രം നിരീക്ഷണത്തിൽ പോയാൽ മതിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആദ്യ രണ്ട് തരംഗങ്ങളെ അപേക്ഷിച്ച് കേരളത്തിൻ്റെ കൊവിഡ് 19 പ്രതിരോധ തന്ത്രം വ്യത്യസ്തമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അത്യാവശ്യമില്ലെങ്കിൽ ആശുപത്രികളിൽ പോകേണ്ട ആവശ്യമില്ലെന്നും ജനങ്ങള്‍ ടെലിമെഡിസിൻ സംവിധാനം പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
വിരമിച്ച ഡോക്ടർമാരുടെ സേവനം ടെലി കൺസൾട്ടേഷനു വേണ്ടി ഉപയോഗിക്കും. രാജ്യത്ത് ഒമിക്രോൺ വകഭേദത്തിൻ്റെ സമൂഹവ്യാപനമുണ്ടെന്നും കേരളത്തിലും ഈ സാഹചര്യം ഉണ്ടായിരിക്കാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Not everyone with covid contact needs quarantine; Minister of Health