ഭാഗല്‍പുര്‍: ( www.truevisionnews.com ) വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളായ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യചെയ്തു. കുടുംബത്തിലെ മറ്റ് മൂന്നുപേരേയും മരിച്ചനിലയില്‍ കണ്ടെത്തി.
പങ്കജ് എന്നയാളേയും ഭാര്യ നീതു കുമാരിയേയും ഇയാളുടെ അമ്മയേയും രണ്ട് കുട്ടികളേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഹാറിലെ ഭാഗല്‍പുരിലാണ് സംഭവം.
ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് പങ്കജ് സംശയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പങ്കജും ഭാര്യ നീതു കുമാരിയും തമ്മില്‍ തര്‍ക്കമുണ്ടായി.
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംഭവസ്ഥലത്തുനിന്ന് പങ്കജിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും ഭാഗല്‍പുര്‍ റേഞ്ച് ഡി.ഐ.ജി വിവേകാനന്ദ് പറഞ്ഞു.
രണ്ട് മക്കളേയും തന്റെ അമ്മയേയും കൊന്നത് ഭാര്യയായ നീതുവാണെന്നും അതിന്റെ പ്രതികാരത്തിലാണ് ഭാര്യയെ കൊന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പങ്കജ് പറയുന്നത്.
എന്നാല്‍, മറ്റ് മൂന്ന് കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതുകൊണ്ടാവാം ഇങ്ങനെ എഴുതിയതെന്നാണ് പോലീസ് കരുതുന്നത്.
യുവതി അടുപ്പത്തിലാണെന്ന് കരുതുന്ന കോണ്‍സ്റ്റബിളിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്നും ചോദ്യംചെയ്യലില്‍ ഇയാൾ പലകാര്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പാല് കൊണ്ടുവന്നയാളാണ് ചോരയില്‍ കുളിച്ചുകിടന്ന നിലയില്‍ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.
വിവിധ മുറികളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. നാല് മൃതദേഹങ്ങളിലും കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പങ്കജിനെ സീലിങ്ങില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയതെന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
#man #kills #wife #kids #mother #later #hangs #self #bihar