കൊച്ചി: (truevisionnews.com) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തള്ളിയത്.
റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്.
എന്നാൽ റിപ്പോർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.
സജിമോൻ പാറയിലിൻ്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ട് ഹർജികാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി.
റിപ്പോർട്ട് പുറത്തു വിടുന്നത് സിനിമ വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയിൽ പറയുന്നത്.
വ്യക്തികളുടെ സ്വകാര്യത പുറത്തുപോവാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷണറാണ് ഉത്തരവിട്ടത്.
വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
സ്വകാര്യതയെ ബാധിക്കുന്ന വിഷയം എന്ന് ചൂണ്ടിക്കാട്ടി റിപോർട്ട് പുറത്തുവിടില്ലെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. നടി ആക്രമിക്കപ്പെട്ടത്തിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്.
സിനിമ രംഗത്തെ നിരവധി സ്ത്രീകൾ നിർണായക വിവരങ്ങൾ അടക്കം കമ്മീഷന് കൈമാറിയിരുന്നു. റിപോർട്ട് സർക്കാരിന് കൈമാറി നാലര വർഷത്തിന് ശേഷമാണ് പുറത്തുവിടാനുള്ള സാഹചര്യം ഒരുങ്ങിയത്.
#HighCourt #release #HemaCommitteereport #manufacturer #plea #rejected