ചെന്നൈ: ( www.truevisionnews.com ) തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ക്ഷേത്ര ചടങ്ങിനിടെ തീക്കനലിലൂടെ നടന്ന ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു.
ആചാരത്തിന്റെ ഭാഗമായി പിതാവിനൊപ്പം തീക്കനലിലൂടെ നടക്കുന്നതിനിടെ കുട്ടി കാൽവഴുതി വീഴുകയായിരുന്നെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ശരീരത്തിൽ 41 ശതമാനം പൊള്ളലേറ്റ കുട്ടിയെ കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ആറമ്പാക്കം ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.
കാൽവഴുതി വീണ കുട്ടിയെ ഉടൻ ആളുകൾ ചേർന്ന് പുറത്തെടുക്കുകയും ഗുമ്മിഡിപൂണ്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
രണ്ടാം ക്ലാസുകാരൻ അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസും ആശുപത്രി അധികൃതരും അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
കുട്ടി തീക്കനലിൽ വീഴുന്നതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2023 ആഗസ്റ്റിൽ തിരുവള്ളൂരിലെ ഉത്തുകോട്ടയിൽ ക്ഷേത്രോത്സവത്തിനിടെ തീക്കനൽ നടത്തത്തിനിടെ മുത്തശ്ശന്റെ കൈയിലിരുന്ന 14 മാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
#boy #suffers #burn #injuries #during #fire #walk #ritual #tiruvallur