നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കാവ്യ മാധവന് അടക്കം കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നടപടി . കൂറുമാറിയ സാക്ഷികളുടെ സ്വത്തു വിവരങ്ങളും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.
ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കേസിലെ പ്രതികളായ ദിലീപ്, അനൂപ്, സുരാജ് എന്നിവര്‍ ഇവരുടെ ഫോണുകള്‍ മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരുടെ മൊബൈല്‍ നമ്പറുകളുടെ ഐഎംഇഐ നമ്പര്‍ ഒരേ ദിവസം മാറിയതായി ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ ഇന്ന് ഒരു മണിക്ക് മുന്‍പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്യലിനിടെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ സാവകാശം തേടി ദിലീപ് ക്രൈംബ്രാഞ്ചിന് കത്തയച്ചു.
മൊബൈല്‍ ഫോണുകള്‍ ദിലീപിന്റെ അഭിഭാഷകനെ ഏല്‍പ്പിച്ചെന്നാണ് സൂചന. ഫോണുകള്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്ന ആവശ്യം ക്രൈം ബ്രാഞ്ച് നാളെ ഹൈക്കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടില്‍ ഈ ആവശ്യവും ഉന്നയിക്കും.
Conspiracy case against officials; Kavya Madhavan will also be questioned