തലശ്ശേരി :( www.truevisionnews.com ) മനുഷ്യർ കാട് കയറുമ്പോൾ കൊടുംവിഷപാമ്പുകൾ നാട്ടിലിറങ്ങുന്നു. കണ്ണൂർ ജില്ല യിലെ ചെറുവാഞ്ചേരിയിൽ വീടിൻ്റെ അടുക്കളയിൽ രാജവെമ്പാലയെ കണ്ടെത്തി.
ചെറുവാഞ്ചേരി കൈതച്ചാൽ അനി നിവാസിൽ അനീഷിൻ്റെ വീടിൻ്റെ അടുക്കളയിൽ അടുപ്പിൻ്റെ തട്ടിനുള്ളിലാണ് ഉഗ്രവിഷമുള്ള രാജവെമ്പാല ഉണ്ടായിരുന്നത്.
അടുപ്പ് കത്തിക്കാൻ ഇന്നലെ വിറക് എടുക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീർ നാരോത്തിൻ്റെയും സെക്ഷൻ ഫോറസ്റ്റർ സുനിൽകുമാറിൻ്റെയും നിർദ്ദേശത്തെ തുടർന്ന് കണ്ണൂർ വന്യജീവി സംരക്ഷണ സംഘടയായ മാർക്കിൻ്റെ പ്രവർത്തകരായ ബിജിലേഷ് കോടിയേരിയും സന്ദീപ് ചക്കരക്കലും ചേർന്ന് വീട്ടുകാരെയും പാമ്പിനെയും രക്ഷപ്പെടുത്തി.
റസ്ക്യു ചെയ്ത രാജവെമ്പാലയെ ഉൾവനത്തിൽ തുറന്നു വിട്ടു. അടുത്തിടെ ജനവാസ മേഖലയിൽ നിന്ന് അഞ്ച് രാജവെമ്പാലയെ കണ്ടെത്തി വനത്തിലേക്ക് തിരികെ വിട്ടതായി ബിജിലേഷ് കോടിയേരി പറഞ്ഞു.
ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഒഫിയോഫാഗസ് ജനുസിലെ ഏക അംഗമാണ്. സാധാരണയ്ക്ക് മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ആഹാരം, പലപ്പോഴും മറ്റു ഉരഗങ്ങളെയും കശേരുകികളെയും കരണ്ടുതീനികളെയും ഭക്ഷിക്കാറുണ്ട്.
വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്തവരാണ്.
ഉഗ്രവിഷമുള്ള രാജവെമ്പാല കടിച്ചാൽ 6 മുതൽ 15 മിനിറ്റിനകം മരണം സംഭവിക്കാമെന്നും ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ രക്ഷപ്പെടുത്താനാകൂ എന്നും വന്യജീവി സംരക്ഷണത്തിന് സംസ്ഥാന സർക്കാറിൻ്റെ പുരസ്കാരം നേടിയ ബിജിലേഷ് കോടിയേരിപറഞ്ഞു. ഇതിന്റെ വിഷം മനുഷ്യന്റെ ശ്വസനവുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നതാണു മരണകാരണം.
ഇൻകുബേറ്റഡ് വെന്റിലേറ്റർ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ ഉടനടി എത്തിച്ചാലേ രക്ഷയുള്ളൂ. ഇതു മിക്കപ്പോഴും അപ്രായോഗികമായിരിക്കും.
രാജവെമ്പാല കടിച്ചുള്ള മരണം രാജ്യത്ത് ആദ്യമായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഒന്നര വർഷം മുൻപ് കർണാടകയിലാണ്. ഒരു പാമ്പ് പിടിത്തക്കാരനാണ് അന്നു മരിച്ചത്. കേരളത്തിലെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്. ശംഖുവരയൻ, മൂർഖൻ എന്നിവ മനുഷ്യനെ കടിച്ചാലും നാഡീവ്യവസ്ഥയെ തകരാറിലാക്കി ശ്വാസം കിട്ടാതെ വരുമ്പോൾ വെന്റിലേറ്റർ ചികിത്സ വേണ്ടിവരാറുണ്ട്.
എന്നാൽ, രാജവെമ്പാലയുടെ അത്ര അളവിൽ വിഷമില്ലാത്തതിനാൽ ചികിത്സിക്കാൻ അൽപം കൂടി സാവകാശം ലഭിക്കുംരാജവെമ്പാല വിഷചികിത്സയ്ക്കുള്ള ആന്റിവെനം ഇന്ത്യയിൽ ഇപ്പോൾ ഉൽപാദിപ്പിക്കുന്നില്ല. ഹിമാചൽ പ്രദേശിലെ കസോളിയിലെ സെൻട്രൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ മുൻപ് ഉൽപാദിപ്പിച്ചിരുന്നുവെങ്കിലും നിർത്തി.
വൻ ചെലവാണു കാരണം. രാജവെമ്പാലയുടെ കടിയേറ്റുള്ള സംഭവങ്ങൾ രാജ്യത്തു കുറവായതിനാൽ ഉപയോഗം വരാറില്ല. നിലവിൽ തായ്‌ലൻഡിലെ സായോബാബ ഇൻസ്റ്റിറ്റ്യൂട്ടിൽ ആന്റിവെനം ഉൽപാദനമുണ്ട്.
പൊതുവേ വനാന്തരങ്ങളിലും അണക്കെട്ടുകളുടെ പരിസരങ്ങളിലും മറ്റുമാണു രാജവെമ്പാലയെ കാണാറുള്ളത്. വനയാത്ര ചെയ്യുന്നവർക്കോ പാമ്പ് പിടിത്തക്കാർക്കോ ആണു കടിയേൽക്കാൻ സാധ്യത. ഇപ്പോൾ ചില ജനവാസ മേഖലകളിലും കണ്ടുവരുന്നുണ്ട്.
#fierce #venomous #snake #also #enters #country #Rajavembala #kitchen #house #Kannur #Cheruvancheri