ദില്ലി: (truevisionnews.com) ഈ സാമ്പത്തിക വർഷം പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കേന്ദ്രം ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് മഹാരാഷ്ട്രയ്ക്ക്.
ജൂലൈ 31 വരെയുള്ള കണക്ക് നോക്കിയാൽ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോൺസ് ഫണ്ടില്‍ നിന്ന് ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം ലഭിച്ചത് മഹാരാഷ്ട്രയ്ക്കാണ്. പലതവണ പ്രളയത്തിൽ മുങ്ങിയ മഹാരാഷ്ട്രയ്ക്ക് മുൻ വർഷങ്ങളിലെ നീക്കിയിരിപ്പ് അടക്കം 2984 കോടി രൂപ കേന്ദ്രം നൽകി.
മധ്യപ്രദേശിന് 1686 കോടിയും രാജസ്ഥാന് 1372 കോടിയും ഒഡീഷയ്ക്ക് 1485 കോടിയും കിട്ടി. ഉത്തർപ്രദേശിന് 1791 കോടി, ഉത്തരാഖണ്ഡ് 868 കോടി, ഗുജറാത്ത് 1226 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ച കേന്ദ്ര സഹായം.
കേരളത്തിനാകട്ടെ ഈ വർഷം 291 കോടി രൂപ മാത്രമാണ് പ്രകൃതി ദുരന്തം നേരിടാൻ കേന്ദ്ര വിഹിതമായി കിട്ടിയത്. സുപ്രീംകോടതി വരെ പോയി നിയമയുദ്ധം നടത്തികൊണ്ടിരിക്കുന്ന തമിഴ്‌നാടിന് 944 കോടി കിട്ടി.
തമിഴ്‌നാടിന് ഒപ്പം കോടതിയിൽ പോയ കർണാടകയ്ക്ക് 732 കോടി രൂപയാണ് നല്‍കിയത്. അർഹതപ്പെട്ട മുപ്പതിനായിരം കോടിയോളം രൂപ കേന്ദ്രം നൽകുന്നില്ലെന്ന പരാതിയുമായാണ് തമിഴനാടും കർണാടകയും സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തുമ്പോൾ ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം.
കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും.
#narendramodi #amount #paid #states #central #government #disaster #response #details