(truevisionnews.com) ആഭ്യന്ത കലാപത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സർക്കാര്‍ താഴെയിറങ്ങിയതിന് പിന്നാലെ ബംഗ്ലാദേശിൽ കനത്ത അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്.
ഹസീനയുടെ രാജിക്ക് ശേഷവും രാജ്യത്ത് കലാപം തുടരുകയാണ്. തെരുവുകളിൽ കലാപം ആളിപ്പടരുമ്പോഴും രാജ്യത്തിനകത്തുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മുസ്ലിം പള്ളികൾ വഴി ആഹ്വാനം ചെയ്തെന്ന റിപ്പോര്‍ട്ടുകളും ബംഗ്ലാദേശിൽ നിന്ന് പുറത്തുവരുന്നുണ്ട്.
ആഭ്യന്തര കലാപ പശ്ചാത്തലത്തിൽ സാമുദായിക സൗഹാര്‍ദ്ദം ഉറപ്പാക്കണമെന്നും ന്യൂനപക്ഷമായ ഹിന്ദു വിഭാഗങ്ങൾക്ക് നേരെയും ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെയും അതിക്രമങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നാണ് മുസ്ലിം പള്ളികൾ മുഖേന ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹൈന്ദവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആഹ്വാനത്തിന് പിന്നാലെ നിരവധി ക്ഷേത്രങ്ങൾക്ക് മുസ്ലിം മതവിശ്വാസികൾ കാവലിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
രാജ്യം അശാന്തമായി തുടരുമ്പോൾ, സാമുദായിക സൗഹാർദം നിലനിർത്താൻ ശ്രദ്ധ വേണം. ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ ജീവനും സമ്പത്തും നഷ്ടപ്പെടുത്താതെ സംരക്ഷിക്കണം.
ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്നുമായിരുന്നു പള്ളികൾ വഴി ഉള്ള ആഹ്വാനം. നേരത്തെ കലാപത്തിനിടെ ചില ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടന്നിരുന്നു.
അതേസമയം, ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. ബംഗ്ലാദേശ് രാഷ്ട്രപതി മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്.
ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ അന്ത്യശാസനം നല്‍കിയിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി.
സമാധാന നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് പുതിയ സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായേക്കുമെന്നാണ് റിപ്പോര്‍ട്ട്. യൂനുസ് സര്‍ക്കാരിനെ നയിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
ചികിത്സാര്‍ത്ഥം പാരിസിലുള്ള അദ്ദേഹം വൈകാതെ ബംഗ്ലാദേശിലെത്തും. കലാപം തുടരുന്ന പശ്ചാത്തലത്തില്‍ സൈനിക മേധാവി വിദ്യാര്‍ത്ഥി പ്രക്ഷോഭകരുമായി വൈകീട്ട് ചര്‍ച്ച നടത്തും.
സൈന്യം നിയന്ത്രിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നവരുടെ നിലപാട്.
#Call #mosque #Muslimyouth #guarding #Hindutemples #high #insecurity #Bangladesh