കോഴിക്കോട് : ( www.truevisionnews.com ) ജില്ലയിൽ കനത്ത ഉരുൾപൊട്ടൽ ഉണ്ടായ നാദാപുരം വിലങ്ങാടിന് കിലോ മീറ്റർ അകലെ ഉരുൾപൊട്ടിയതായി കണ്ടെത്തി. വളയം, ചെക്യാട് പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മലയായ ആയോടിനടുത്താണ് ഉരുൾപൊട്ടിയത്.
മലയുടെ താഴ് വാരത്തിൽ താമസിക്കുന്ന മുപ്പത്തിയഞ്ചോളം കുടുംബങ്ങളെ പുനഃരധിവാസ ക്യാമ്പിലേക്ക് മാറ്റി. വനത്തിൽ ഉരുൾപൊട്ടിയതിനാൽ അവശിഷ്ടങ്ങൾ താഴ് വാരത്ത് എത്തിയിരുന്നില്ല. ആയോട്ട് മലയോട് ചേർന്ന് നിൽക്കുന്ന നൂറേക്കർ എന്നറിയപ്പെടുന്ന സ്ഥലത്താണ് ഉരുൾപൊട്ടിയത്.
ആളപായം ഉണ്ടായിട്ടില്ലെങ്കിലും വലിയ കൃഷി നാശമാണ് ഉണ്ടായത്. ഇന്ന് ആയോട്ട് മലയിൽ എത്തിയ കർഷകരാണ് ഉരുൾപൊട്ടി ഒലിച്ചതായി കണ്ടത്. എപ്പോഴാണ് ഉരുൾപൊട്ടൽ സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. വിലങ്ങാട് ഉരുൾപൊട്ടൽ സംഭവിച്ച ദിവസം തന്നെ ഇവിടെയും ഉരുൾപൊട്ടിയതായാണ് അനുമാനം.
തുടർന്നും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണ് ഇതിന് സമീപത്തുള്ള വീട്ടുകാരെ മാറ്റി താമസിപ്പിക്കാൻ റവന്യു അധികൃതർ തീരുമാനിച്ചത്. വടകര തഹസിൽദാർ സുരേഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘമെത്തിയാണ് വളയം പൂവ്വംവയൽ എൽ പി സ്കൂളിലും കുറുവന്തേരി യു പി സ്കൂളിലും പ്രത്യേക പുനഃരധിവാസ ക്യാമ്പ് തുറന്നത് .
ഇന്ന് രാത്രി ഒമ്പത് മണിയോടെ ആയോട് മലയിൽ നിന്നുള്ളവരെ പുനഃരധിവാസ ക്യാമ്പിൽ എത്തിച്ചത്. ആയോട് മലയിലെ ചെക്യാട് പഞ്ചായത്തിൽപെടുന്ന കുടുംബങ്ങളെ കുറുവന്തേരി യു പി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്.
വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
#Another #landslide #mountain #also #collapsed #Around #20 #families #were #relocated #Valayam