ഹരിപ്പാട്: വീയപുരം ഗ്രാമ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച 6920 താറാവുകളെ (Ducks) വള്ളംകുളങ്ങരയിലെ കരീപാടത്തിന് സമീപം കൊന്നൊടുക്കി. താമരക്കുളം കണ്ണനാംകുഴി ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള താറാവുകളെയാണ് കൊന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു നടപടി. ഡോ. സുള്‍ഫിക്കര്‍, ഡോ. പ്രിയ ശിവറാം, ഡോ. ബിന്ദുകുമാരി, ഡോ. വിപിന്‍ ചന്ദ്രന് എന്നിവരുടെ നേതൃത്വതിലുള്ള 20 അംഗ സംഘമാണ് കള്ളിംഗ് നടത്തിയത്.
5 താറാവിനെ തിരുവല്ലയിലെ മഞ്ഞാടിയിലും 10 എണ്ണം ഭോപ്പാലിലും 6 എണ്ണത്തിനെ ആലപ്പുഴയിലുമാണ് പരിശോധനക്ക് വിധേയമാക്കിയത്.
എല്ലാ പരിശോധനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 16 ലക്ഷം രൂപയോളം നഷ്ടമുണ്ടെന്ന് ഉടമ ഷെഫീക്ക് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രന്‍, വൈസ്പ്രസിഡന്റ് പി.എ. ഷാനവാസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഡി. ശ്യാമള, വാര്‍ഡ് അംഗം ജയന് എന്നിവരും സ്ഥലത്തെത്തി.
Bird flu severe; 6920 ducks were slaughtered