(truevisionnews.com) തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മാതാവിനെ സംരക്ഷിക്കണമെന്ന് സ്ഥലം എം.എൽ.എ സി.കെ ഹരീന്ദ്രൻ.

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്ത് നൽകി. ജോയിയുടെ ഏക വരുമാനത്തിലായിരുന്നു മാതാവ് കഴിഞ്ഞിരുന്നതെന്നും അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു താമസമെന്നും എം.എൽ.എ സി.കെ ഹരീന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
റെയിൽവേയിൽ നിന്ന് ജോയിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും പാറശ്ശാല എം.എൽ.എ കത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം ജോയിയുടെ സംസ്കാരം ഇന്ന് മൂന്ന് മണിയോടെ നടക്കും. പോസ്റ്റ്‍മോർട്ടം കഴിഞ്ഞാൽ മൃതദേഹം വീട്ടിലെത്തിക്കും. ജോയിയുടെ പുരയിടത്തിലായിരിക്കും സംസ്കാരം.
ജോയിയുടെ മൃതദേഹം ബന്ധുവും ഒപ്പം ജോലി ചെയ്തിരുന്നവരും സ്ഥിരീകരിച്ചുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ അറിയിച്ചു
46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.
ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്.
ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
#One #Room #House #Single #Income #Joy #CKHarindran #sent #letter #Chief #Minister #asking #him #protect #his #mother
