തിരുവനന്തപുരം :( www.truevisionnews.com ) റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായുളള തെരച്ചിൽ 30 മണിക്കൂർ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായാണ് പരിശോധന നടത്തുന്നത്.
ഫയർഫോഴ്സിൻ്റെ സ്കൂബാഡൈവിംഗ് സംഘത്തിന്റെ പരിശോധന ഇന്ന് തൽക്കാലികമായി തെരച്ചിൽ അവസാനിപ്പിച്ചു. നാളെ പുതിയ സംഘം തെരച്ചിൽ നടത്തും.
കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങിയാണ് ഇന്നും പരിശോധന നടത്തിയത്. ഇന്ന് തെരച്ചിൽ നടത്തിയ സംഘത്തിലെ അംഗങ്ങൾക്ക് വൈദ്യ പരിശോധന നടത്തും. ടീമംഗങ്ങൾക്ക് ചികിത്സ നൽകാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി ഫയർ ഫോഴ്സ് മേധാവിയും അറിയിച്ചു.
തടയണ കെട്ടി വെളളം പമ്പ് ചെയ്ത് പരിശോധന
ജോയിയെ കണ്ടെത്താനുളള മറ്റ് ശ്രമങ്ങളെല്ലാം കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം കാരണം പരാജയപ്പെട്ടതോടെ റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ തടയിണ കെട്ടി വെളളം പമ്പ് ചെയ്ത് പരിശോധന നടത്താനാണ് നീക്കം.
മാലിന്യമൊഴുകുന്ന റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്നുളള ടണലിൽ തടയണ കെട്ടി ബ്ലോക്ക് ചെയ്ത് അതിലേക്ക് വെള്ളം ശക്തമായി പമ്പ് ചെയ്ത് മാലിന്യങ്ങളുടെ ഒഴുക്ക് സുഗമമാക്കി പരിശോധന നടത്തും.
ഇതിനായി അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലെ മാൻഹോൾ വഴി വെള്ളം പമ്പ് ചെയ്യും. വെളളത്തിന്റെ അളവ് ഒരു കൃത്യം പോയിന്റിലെത്തിക്കഴിഞ്ഞാൽ തുറന്നു വിടും. ഈ ശക്തമായ ഫോഴ്‌സിൽ തടഞ്ഞു കിടക്കുന്ന മാലിന്യങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം തടയണ കെട്ടാനുളള ഉപകരണങ്ങളും ക്രെയിനും എത്തിച്ചിട്ടുണ്ട്. അൽപ്പ സമയത്തിനുളളിൽ ഈ രീതിയിലുളള പരിശോധന തുടങ്ങും.
#ndrf #fireforce #search #joy #cleaning #worker #missing #amayizhanjan #canal #thiruvananthapuram