മുംബൈ: ( www.truevisionnews.com ) കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബിയുടെ മൃതദേഹം മുംബൈയിലെ വസതിയിലെത്തിച്ചു. സംസ്കാരം നാളെ വൈകിട്ട് മൂന്നുമണിക്ക് മലാഡ് വെസ്റ്റിൽ നടക്കും.
മരുതൂർകുളങ്ങര വടക്ക് ആലുംതറമുക്ക് കളത്തിൽ വടക്കേത്തറയിൽ (ലക്ഷ്മി ഭവനം) ഡെന്നി ബേബി (33)യും കുടുംബവും ഏറെ വർഷങ്ങളായി മുംബൈയിൽ സ്ഥിരതാമസക്കാരാണ്. ബേബിക്കുട്ടിയുടെയും പരേതയായ ഹില്ലാരി ബേബിയുടെയും മകനാണ് ഡെന്നി ബേബി.
മാതാവ് ഹില്ലാരി ബേബി 5 വർഷം മുൻപു മരിച്ചു. സഹോദരി ഡെയ്സി മനോജും വിവാഹിതയായി മുംബൈയിലാണ്. ബേബിക്കുട്ടി മുംബൈയിൽ താമസമായിട്ട് 35 വർഷത്തിലധികമായി. മാതാവ് ലക്ഷ്മിക്കുട്ടിയെ കാണാനും പരിചരിക്കുവാനുമാണ് ഒരു മാസം മുൻപ് പിതാവ് ബേബിക്കുട്ടി നാട്ടിലെത്തിയത്.
കുടുംബ വീട്ടിൽ നിൽക്കുമ്പോഴാണ് മകന്റെ ദാരുണ മരണത്തെ കുറിച്ച് അറിയുന്നത്. മകന്റെ മൃതദേഹം മുംബൈയിൽ എത്തിക്കാനാണ് നോർക്ക അധികൃതരെയും മറ്റ് ബന്ധപ്പെട്ടവരെയും അറിയിച്ചത്.
കുവൈത്തിൽ 4 വർഷത്തിലധികമായി ജോലി ചെയ്യുന്ന ഡെന്നി ബേബി വർഷം തോറും അവധിയിൽ മുംബൈയിൽ എത്താറുണ്ട്. അവധിക്ക് എത്തുമ്പോൾ നാട്ടിലുള്ള അമ്മുമ്മ ലക്ഷ്മിക്കുട്ടിയെയും മറ്റു ബന്ധുക്കളെയും കാണാൻ കരുനാഗപ്പള്ളിയിലും മാതാവിന്റെ കുടുംബവീടായ കൊല്ലത്തും എത്താറുണ്ട്.
#kuwait #tragedy #keralites #funeral #updates