Jan 12, 2022 02:13 AM

കണ്ണൂർ : ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജിന് വിട നല്‍കി ജന്മനാട്. രാത്രി ഏറെ വൈകി നടന്ന സംസ്കാര ചടങ്ങില്‍ സഹോദരന്‍ അദ്വൈത് ചിതയ്ക്ക് തീകൊളുത്തി.

പൊതുദർശനത്തിനും അന്ത്യാഭിവാദ്യങ്ങൾക്കും ഒടുവിൽ രാത്രി രണ്ട് മണിയോടെ തളിപ്പറമ്പിലെ വീടിനു സമീപത്തെ പറമ്പിലായിരുന്നു ധീരജിൻ്റെ സംസ്കാരം നടന്നത്. ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര രാത്രി വൈകി ഒരുമണിയോടെയാണ് കണ്ണൂരിലെ തളിപ്പറമ്പിലെ വീട്ടിലെത്തിച്ചത്.


തളിപ്പറമ്പ് തൃച്ചംബരം പാലക്കുളങ്ങരയിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ ഏറെ വൈകിയും പ്രിയപ്പെട്ടവനെ ഒരുനോക്ക് കാണാന്‍ ആ നാട് മുഴുവന്‍ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രവർത്തകർ ഉച്ചത്തിൽ മുദ്രവാക്യം വിളിച്ച് സ്നേഹം പ്രകടിപ്പിച്ചപ്പോൾ വീട്ടുകാരുടെ നൊമ്പരം ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു.

മകന്‍റെ വിയോഗ വാർത്തയിൽ കരഞ്ഞ് തളർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. പാർട്ടി പ്രവർത്തകരുടെ കണ്ണുകളും നൊമ്പരത്താൽ നിറഞ്ഞിരുന്നു. ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര പ്രതീക്ഷിച്ചതിലും അഞ്ച് മണിക്കൂറിലേറെ വൈകിയാണ് ജന്മനാട്ടിലെത്തിയത്.


രാത്രി വൈകിയെങ്കിലും നൂറുകണക്കിന് പേർ ധീരജിന് അന്തിമോപചാരം അർപ്പിക്കാനെത്തി മന്ത്രി എം വി ഗോവിന്ദൻ, മുൻ മന്ത്രി ഇ പി ജയരാജൻ, എം വി ജയരാജൻ, കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങി നിരവധി നേതാക്കൾ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി. പാർട്ടി വാങ്ങിയ 8 സെൻ്റ് ഭൂമിയിലായിരുന്നു ധീരജിന് തളിപ്പറമ്പിൽ അന്ത്യവിശ്രമമൊരുക്കിയത്.

Dheeraj bids farewell to Janmanad; His brother Advait set fire to the pile

Next TV

Top Stories