താമരശ്ശേരി : കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു. ഇതിനുള്ള നടപടികൾ നടന്നു വരുന്നതായാണ് സൂചന. വയനാട് ഭാഗത്തേക്കുള്ള ടൂർ സർവീസ് യാത്രക്കാർക്ക് താമരശ്ശേരി ഡിപ്പോയുടെ കീഴിൽ താമസസൗകര്യം ഒരുക്കുക, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ ടൂർ സർവീസുകൾ ആരംഭിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാധ്യത പരിശോധിച്ചു വരികയാണെന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അധികൃതർ പറഞ്ഞു.
ടൂറിസം ഹബ് ആയി മാറുന്നതിലൂടെ കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയുടെ വിപുലീകരണത്തിനും വഴിയൊരുങ്ങും. ഇതിന്റെ മുന്നോടിയായി താമരശ്ശേരി ഡിപ്പോയിൽ നിന്നു കൂടുതൽ ടൂർ സർവീസുകൾ ആരംഭിക്കാനും തീരുമാനമായി. താമരശ്ശേരി –മൂന്നാർ, താമരശ്ശേരി –നെല്ലിയാമ്പതി ടൂർ സർവീസുകളാണ് പുതുതായി തുടങ്ങുന്നത്.
മൂന്നാർ സർവീസ് 15ന് രാവിലെ 9 ന് താമരശ്ശേരിയിൽ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് രാത്രി മൂന്നാറിൽ എത്തിച്ചേരും. അവിടെ പ്രത്യേകം സജ്ജീകരിച്ച സ്ലീപ്പർ ബസുകളിലാണ് സന്ദർശകർക്ക് താമസ സൗകര്യം. പിറ്റേ ദിവസം പകൽ മൂന്നാറിലെ കാഴ്ചകൾ കണ്ട് വൈകിട്ട് മടങ്ങും.
മൂന്നാർ ടൂർ സർവീസിന് 1750 രൂപയാണ് ഒരാൾക്ക് നിരക്ക്. ഭക്ഷണ ചെലവും വിവിധ സ്ഥലങ്ങളിലെ പ്രവേശന ഫീസും സ്വന്തമായി വഹിക്കണം. നെല്ലിയാമ്പതി ടൂർ സർവീസ് 16 നു പുലർച്ചെ 4ന് താമരശ്ശേരി ഡിപ്പോയിൽ നിന്ന് പുറപ്പെടും. ഈ സർവീസിന് ഭക്ഷണം ഉൾപ്പെടെ 1050 രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കുക.
പാലക്കാടൻ കാഴ്ചകൾ കണ്ട് രാത്രി 10ന് താമരശ്ശേരിയിൽ തിരിച്ചെത്തും. താമരശ്ശേരി ഡിപ്പോയിൽ നിന്ന് ആദ്യം ആരംഭിച്ച തുഷാരഗിരി, വയനാട് ടൂർ സർവീസ് വൻ വിജയമായി മാറിയതും പുതിയ ടൂർ സർവീസുകൾ ആരംഭിക്കുന്നതിന് പ്രചോദനമായി.
ബുക്കിങ്ങിന് : 0495 2222217, 8848490187, 9895218975, 7902640704.
KSRTC Thamarassery Depot becomes a tourism hub in Kozhikode zone