എടക്കര : വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. എന്നാല്‍ പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് ശേഖരം.
മൂത്തേടം കാറ്റാടി ചേലക്കടവ് വട്ടോളി ഫൈസല്‍ ബാബു എന്ന കാറ്റാടി ബാബുവിന്റെ വീട്ടില്‍ നിന്നാണ് ഗോഡൗണ്‍ കണക്കെ സൂക്ഷിച്ച 19 ചാക്ക് ഹാന്‍സ് പിടികൂടിയത്.
മാര്‍ക്കറ്റില്‍ ഏഴര ലക്ഷം രൂപ വില വരുന്ന 14,250 പാക്കറ്റ് ഹാന്‍സ് ആണ് പിടികൂടിയത്. നിലമ്പൂര്‍ ഡിവൈഎസ്പി സജു കെ അബ്രഹാമിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടിയത്.
പ്രതി ഫൈസല്‍ ബാബു വന്‍ തോതില്‍ ഹാന്‍സ് സംഭരിച്ച് വന്‍ ലാഭത്തിനാണ് ചില്ലറ വിതരണക്കാര്‍ക്ക് വിറ്റിരുന്നത്. വീട്ടില്‍ സൂക്ഷിച്ച ഹാന്‍സ് രാത്രിയില്‍ രഹസ്യമായി സ്വന്തം സ്കൂട്ടറില്‍ എടക്കര, മൂത്തേടം, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു പതിവ്.
വര്‍ഷങ്ങളായി വില്‍പ്പന നടത്തുന്നുണ്ടെങ്കിലും ഒരു തവണ മാത്രമാണ് പിടിക്കപ്പെട്ടത്. കൃഷിക്കാവശ്യമായ ജൈവ വളമെന്ന് പറഞ്ഞാണ് വീടിനോട് ചേര്‍ന്ന ഷഡിലും പരിസരത്തും സൂക്ഷിച്ച് വെച്ചിരുന്നത്.പൊലീസ് പരിശോധനക്കെത്തുമ്പോള്‍ ബാബു വിതരണത്തിനായി പുറത്ത് പോയതായിരുന്നത് കാരണം പിടികൂടാനായിട്ടില്ല.
എടക്കര സിഐ മന്‍ജിത് ലാല്‍, എസ് ഐ അബൂബക്കര്‍, സ്പെഷല്‍ സക്വാഡ് എസ് ഐ അസൈനാര്‍, എസ്സിപിഒ സുനിത, അഭിലാഷ് കൈപ്പിനി, നിബിന് ദാസ്, ജിയോ ജേക്കബ്, ആസിഫ് അലി, മുഹമ്മദ് ആഷിക്ക് എന്നിവരാണ് പരിശോധ നടത്തി തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്. പ്രതിയുടെ പേരില്‍ എടക്കര പൊലീസ് കേസെടുത്തു.
The locals were convinced that the piled sack was manure; Police found the Hans collection