കോവിഡിനെ വകവയ്ക്കാതെ സഞ്ചാരികളുടെ ഒഴുക്കാണ് മൈസൂരുവിലേക്ക്. നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും സന്ദർശകർ എത്തുന്നുണ്ട്. ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും സന്ദർശകരുടെ എണ്ണം ഇടിഞ്ഞിട്ടില്ല.
മൈസൂരു കൊട്ടാരത്തിൽ പ്രതിമാസ സന്ദർശകരുടെ എണ്ണം ഒരുലക്ഷം കടന്നു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കൊട്ടാരത്തിൽ ഇത്രയധികം സന്ദര്‍ശകർ എത്തിയത്. മൈസൂരു കൊട്ടാരം ബോർഡിന്റെ കണക്കുപ്രകാരം 1.7 ലക്ഷം സന്ദർശകരാണ് ഒക്ടോബറിൽ കൊട്ടാരത്തിലെത്തിയത്.
നവംബറിൽ 79 വിദേശികളടക്കം ഒരുലക്ഷത്തിലധികംപേർ സന്ദർശനം നടത്തി. നഗരത്തിലെ മറ്റ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ മൃഗശാല, കരഞ്ചി തടാകം, ചാമുണ്ഡിമല എന്നിവിടങ്ങളിലും സന്ദർശകരുടെ തിരക്കുണ്ട്. കോവിഡിനുമുമ്പ് പ്രതിമാസം ശരാശരി മൂന്നുലക്ഷത്തോളം പേരാണ് കൊട്ടാരം സന്ദർശിച്ചിരുന്നത്.
ഒമിക്രോൺ വ്യാപന ആശങ്കയിൽ സംസ്ഥാന അതിർത്തികളിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കർണാടക കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോൾ കടത്തി വിടുന്നത്.
Mysore bustles with tourists despite Omikron threat