പേരാമ്പ്ര : (www.truevisionnews.com) വയറും മനസ്സും ഒരുപോലെ നിറയ്ക്കാൻ ഇത്തവണെയും കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ രുചിയുടെ രസക്കൂട്ടൊരുക്കി കുടുംബശ്രീ അംഗങ്ങളും, പ്രാദേശ വാസികളും.
കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒട്ടനവധി കമ്മറ്റി രൂപീകരിച്ച് പദ്ധതി നടപ്പാക്കുന്നത്. കലോത്സവത്തിനെത്തുന്ന കലാപ്രതിഭകൾക്കും രക്ഷിതാക്കൾക്കുമായി വയറും മനസ്സും നിറച്ച് സ്നേഹം വിളമ്പാൻ കയ്യും മെയ്യും മറന്നുള്ള ഓട്ടത്തിലാണ് കലവറക്കാർ.
കോഴിക്കോട് ജില്ലയിലെ വ്യത്യസ്ത മേഖലയിൽ നിന്നെത്തുന്നവർക്ക് എട്ട് കൂട്ടം കറികളും പായസവും കൂടിചേർന്ന നല്ല നാടൻ സദ്യ. കൂടാതെ പ്രഭാത ഭക്ഷണവും അത്താഴവും.
കലോത്സവ ഗ്രൗണ്ടിനോട് ചേർന്ന് വെള്ളരിപ്പായസം, കുമ്പളച്ചോറ്, കാന്താരിതേൻ, മുന്തിരിമുളക്, പാൽചമ്മന്തി, കുത്തരിച്ചോർ എന്നിങ്ങനെ മലയാളത്തനിമ നിലനിർത്തി പേര് നൽകിയിട്ടുള്ള ആറ് കൗണ്ടറുകളിലായാണ് ഭക്ഷണം ഒരുക്കിയിരിക്കുന്നത്.
പുട്ടും അപ്പവും ഉപ്പുമാവും ഇഡ്ഡലിയുമൊക്കെയായി രാവിലെ എട്ട് മണിക്ക് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ, രാത്രി അത്താഴവും. സദ്യക്കൊപ്പം കോഴിക്കോടൻ നാടൻ രുചികൂടിയുണ്ടാകും പാചകപ്പുരയിൽ.
#KozhikodeRevenueDistrictKalolsavam2023 #Ootupura #features #Taste #ArtFair #kalolsavam #food #Banana #leaves