കോഴിക്കോട്: (truevisionnews.com) സർഗ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയേറി പേരാമ്പ്രയ്ക്ക് ഇനി കണ്ണിമ ചിമ്മാത്ത കലയുടെ രാപകലുകൾ. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ പതാക ഉയർത്തി. സ്വീകരണ കമ്മിറ്റി ചെയർമാൻ വിനോദ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ബി.ബി. ബിനീഷ് സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഷാദിയ ബാനു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ഗ്രാമ പഞ്ചായത്തംഗം മിനി പൊൻപറ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.കെ. വിനോദൻ , സി. സുനിൽകുമാർ , ഷിനുരാജ്, തുടങ്ങിയവർ സംബന്ധിച്ചു.
ആയിരക്കണക്കിന് സർഗ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ തുടക്കമായിരുന്നു. പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലൊരുക്കിയ 21 വേദികളിലായി സ്റ്റേജിതര മത്സരങ്ങളാണ് നടന്നത്. ശേഷിക്കുന്ന രചനാ മത്സരങ്ങൾ ഇന്ന് പേരാമ്പ്ര എയുപിഎസിൽ ഒരുക്കിയ നാല് വേദികളിൽ നടക്കും.
ഇന്ന് മുതലാണ് സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കുക. പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിലായി 19 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂർത്തി ഹാൾ, ജിയുപിഎസ് പേരാമ്പ്ര, ബഡ്സ് സ്കൂൾ, ദാറുന്നുജും ആർട് ആന്റ് സയൻസ് കോളേജ്, എൻ.ഐ.എം എൽ.പി സ്കൂൾ, സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹെെസ്കൂൾ, സികെജിഎം ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികൾ. കലോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബർ അഞ്ചിന് രാവിലെ 11-മണിക്ക് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 309 ഇനങ്ങളിലായി 17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കാനായി പേരാമ്പ്രയിലെത്തുന്നത്.
#Flag #hoisted #artsfestival #Perampra #longer #bats #eye #days #nights #art.