ഝാർഖണ്ഡ് സ്വദേശിയായ വനിതാ ജീവനക്കാരിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കോയമ്പത്തൂരിലെ സ്പിന്നിങ് മില്ലിലാണ് സംഭവം. മിൽ വളപ്പിലെ ഹോസ്റ്റൽ വാർഡൻ ലത(32), മില്ലിലെ എച്ച് ആർ ഉദ്യോഗസ്ഥൻ മുത്തയ്യ(45)എന്നിവരാണ് അറസ്റ്റിലായത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
ദേഹാസ്വാസ്ഥ്യം മൂലം ജോലിക്ക് വരാത്തതാണ് മർദ്ദിക്കാനുളള കാരണമെന്നാണ് യുവതി മൊഴി നൽകിയത്.രണ്ടാഴ്ച മുമ്പാണ് മില്ലിൽ ഝാർഖണ്ഡിൽ നിന്നുള്ള ഒരു സംഘം സ്ത്രീകൾ ജോലിക്കായി എത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ ജോലിക്ക് വന്ന സ്ത്രീകൾ ജോലിക്ക് ഹാജരാകാതെ ഹോസ്റ്റലിൽ തന്നെ തുടരുകയായിരുന്നുവെന്നാണ് മിൽ അധികൃതർ പൊലീസിനോട് പറഞ്ഞത്.
നവംബർ 27 ന് ഹോസ്റ്റൽ വാർഡൻ ലത ഇതേക്കുറിച്ച് സ്ത്രീകളോട് ചോദിച്ചപ്പോൾ ഒരു സ്ത്രീ ലതയെ മർദ്ദിച്ചുവെന്നും,പിന്നീട് എച്ച്ആർ മാനേജർ യുവതിയെ വടികൊണ്ട് മർദ്ദിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവവുമായി ബന്ധപ്പെട്ട് തുടിയലൂർ ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡെപ്യൂട്ടി ഡയറക്ടർ തങ്കദുരൈ പൊലീസിൽ പരാതി നൽകി.
ശരവണംപട്ടി ഇൻസ്പെക്ടർ എൽ.കാന്തസാമിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സ്ത്രീ തൊഴിലാളികളെ മാനദണ്ഡങ്ങൾക്കനുസൃതമായി പരിഗണിക്കാത്ത മില്ലുകൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
തങ്ങൾ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും സ്ത്രീ തൊഴിലാളികളോട് എങ്ങനെ പെരുമാറണമെന്ന് ജീവനക്കാരെ പഠിപ്പിക്കുകയും ചെയ്യുന്നു. സോഷ്യൽ ഓഡിറ്റുകളും ഉണ്ട്. എന്നിട്ടും, ഇത് ആവർത്തിക്കപ്പെടുന്നുവെന്നാണ് ടെക്സ്റ്റൈൽ മിൽ അസോസിയേഷൻ പ്രതിനിധി പറഞ്ഞത്.
Two arrested in Tamil Nadu woman's assault case