Nov 29, 2021 12:54 PM

ന്യൂഡല്‍ഹി : വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചു . ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു.

മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ബില്ല് പാസ്സാക്കിയ ഉടൻ രണ്ട് മണി വരെ ലോക്സഭ നിർത്തിവച്ചിരിക്കുകയാണ്. ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങുകയാണ് കേന്ദ്രസർക്കാർ.

രാജ്യസഭയിൽ പാസ്സാക്കി രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചാൽ നിയമങ്ങൾ റദ്ദാകും. ചർച്ച കൂടാതെത്തന്നെ കാർഷികനിയമങ്ങൾ പിൻവലിക്കുകയാണ് ചെയ്തിരിക്കുന്നത്. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുമുണ്ട്.അതിനാൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്.

ലോക്സഭയിൽ ഈ ബില്ല് പാസ്സായ സ്ഥിതിക്ക് ഉച്ചയ്ക്ക് ശേഷം തന്നെ രാജ്യസഭയിലും ഈ ബില്ല് പാസ്സാക്കിയേക്കും. ഈ ബില്ലിൽ ചർച്ചകൾ നടന്നാൽ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കുമെന്നുറപ്പാണ്. കോൺഗ്രസും ബിജെപിയും എംപിമാർക്ക് സഭയിലെത്താൻ വിപ്പ് നൽകിയിരുന്നു. രാഹുൽ ഗാന്ധിയടക്കം രാവിലെ ലോക്സഭയിലെത്തി കർഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് ബഹളം തുടങ്ങിയതോടെ 12 മണി വരെ സഭ നിർത്തിവച്ചു. 12 മണിക്ക് വീണ്ടും സഭ തുടങ്ങിയതോടെ മൂന്ന് പേജുള്ള ബില്ല് പെട്ടെന്ന് തന്നെ അവതരിപ്പിച്ച്, മേശപ്പുറത്ത് വച്ച് ബില്ലുകൾ പാസ്സാക്കിയെടുക്കുകയായിരുന്നു കേന്ദ്രം. രാഹുൽ ഗാന്ധിയടക്കം സംസാരിക്കാൻ തയ്യാറായിരിക്കുന്ന സാഹചര്യത്തിൽ അതിന് അവസരം കേന്ദ്രസർക്കാർ നൽകില്ലെന്നുറപ്പാണ്.

എന്നാൽ രാവിലെ പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് വിഷയത്തിലും കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്നാണ് പ്രതികരിച്ചത്. ഏത് ചോദ്യത്തിനും മറുപടിക്ക് സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരിനെതിരെ എത്ര ശബ്ദം വേണമെങ്കിലും ഉയര്‍ത്താം. എന്നാൽ പാര്‍ലമെന്‍റിന്‍റെ അന്തസ് കാക്കണമെന്നും മോദി പറ‌ഞ്ഞു. ജനം ആഗ്രഹിക്കുന്നത് അര്‍ഥപൂര്‍ണമായ പാര്‍ലമെന്‍റ് സമ്മേളനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Controversial agricultural laws withdrawn; The bill was passed by the Lok Sabha without discussion

Next TV

Top Stories