വികൃതി വെറും വികൃതിയല്ല

Loading...

boy copy

വികൃതിയില്ലാത്ത കുഞ്ഞുങ്ങളുണ്ടാവില്ല. ശരാശരി ശാരീരിക-മാനസിക ആരോഗ്യമുള്ള എല്ലാ കുട്ടികള്‍ക്കും ചെറിയ തോതിലെങ്കിലും വികൃതിയുണ്ടാവും. അത് സ്വാഭാവികമാണ്. കുട്ടികളുടെ വ്യക്തിത്വത്തിന്‍െറ ഭാഗം തന്നെയാണത്; പ്രത്യേകിച്ച് ആണ്‍കുട്ടികളില്‍. നാലാം വയസ്സില്‍ ‘നട്ടപ്പിരാന്ത്’ എന്നൊക്കെ നമ്മളതിനെ ഓമനപ്പേര്‍ വിളിക്കുമെങ്കിലും ചിലകുട്ടികളിലെ വികൃതി വെറും വികൃതിയല്ല. മറിച്ച് ലഘുവായൊരു രോഗത്തിന്‍്റെ ലക്ഷണം കൂടിയാണ്. എ.ഡി.എച്ച്.ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. സമൂഹത്തില്‍ ചെറിയൊരു ശതമാനം കുട്ടികളില്‍ കാണുന്ന ഈ രോഗം പക്ഷേ, പലപ്പോഴും കണ്ടെത്തുകയോ ചികിത്സിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഒരുകാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, നിരന്തരം അനുസരണക്കേട് കാണിക്കുക, ഒരു ഭാഗത്ത് അടങ്ങിയിരിക്കാതിരിക്കുക, സ്കൂളില്‍ പോകാന്‍ തുടങ്ങിയാല്‍ ക്ളാസില്‍ പ്രശ്നക്കാരനാവുക, പഠനത്തില്‍ പിന്നാക്കം പോകുക, പുസ്തകങ്ങളും മറ്റു വസ്തുക്കളും സ്ഥിരമായി കളയുകയോ മറന്നുവെക്കുകയോ ചെയ്യുക തുടങ്ങി നിരവധി ലക്ഷണങ്ങള്‍ എ.ഡി.എച്ച്.ഡി രോഗമുള്ള കുട്ടികളില്‍ കണ്ടെത്താനാവും.
വീട്ടിലും ക്ളാസിലും അല്‍പസമയമെങ്കിലും അടങ്ങിയിരിക്കാതെ ഓടി നടക്കുക, തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുക, ഒട്ടും ക്ഷമയില്ലാതെ ബഹളം വെക്കുക, നിരന്തരമായി വാശിപിടിക്കുക തുടങ്ങിയവയും എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങളില്‍ പെടും. അതേസമയം ഈ ലക്ഷണങ്ങളുള്ള കുട്ടികളെല്ലാം എ.ഡി.എച്ച്.ഡി രോഗികള്‍ ആയിരിക്കണമെന്നുമില്ല.
എന്നാല്‍, മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ കുറഞ്ഞത് ആറുമാസത്തിലധികം നീണ്ടുനില്‍ക്കുകയും വീട്ടിലും സ്കൂളിലും മറ്റു സ്ഥലങ്ങളിലും ഒരുപോലെ പ്രകടിപ്പിക്കുകയും ചെയ്താല്‍ അത് രോഗത്തിന്‍്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പൊതുവെ ഒരു ചെറിയ അളവിലുള്ള സമയം മാത്രമാണ് കുട്ടികള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുക. മൂന്നു വയസ്സുള്ള കുട്ടിക്ക് 10 മുതല്‍ 15 മിനിറ്റുവരെ മാത്രമേ തുടര്‍ച്ചയായി ഒരു കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുകയുള്ളു. വയസ്സ് കൂടുന്തോറും ഇതിന്‍്റെ അളവ് കൂടിവരും. ഇത് പല കുട്ടികളിലും വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യും. അതേസമയം, നാലു വയസ്സുള്ള കുട്ടിക്ക് 5 മിനിറ്റില്‍ കൂടുതല്‍ സമയം അടങ്ങിയിരിക്കാനോ ഏതെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാതെ വരുന്നുണ്ടെങ്കില്‍ കുട്ടിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
വീട്ടില്‍ വികൃതിയും അതേസമയം സ്കൂളിലും മറ്റു സ്ഥലങ്ങളിലും മര്യാദരാമന്മാരുമാണെങ്കില്‍ ആ കുട്ടിക്ക് രോഗാവസ്ഥ ഇല്ല എന്നുതന്നെ പറയാം. അതേസമയം, ചെല്ലുന്നിടത്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുക, അല്‍പ സമയം പോലും ഒരിടത്തിരിക്കാതെ ഓടിച്ചാടി നടക്കുക, കണ്ണില്‍ കാണുന്ന സാധനങ്ങള്‍ എല്ലാം എടുത്ത് കളിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക, ഒട്ടും ക്ഷമയില്ലാതെ പെരുമാറുക തുടങ്ങിയ സ്വഭാവങ്ങള്‍ നിരന്തരം തുടരുകയാണെങ്കില്‍ പ്രശ്നപരിഹാരത്തിനായി ഒരു ശിശുരോഗ വിദഗ്ധനെയോ മനോരോഗ വിദഗ്ധനെയോ സമീപിക്കേണ്ടതാണ്. കുട്ടിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ രോഗത്തെക്കുറിച്ച് മാതാപിതാക്കളെയും വീട്ടിലുള്ളവരെയും ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. സ്കൂളിലെ അധ്യാപകര്‍ക്കും രോഗത്തെ കുറിച്ച് അറിവ് പകരണം. ചികിത്സിച്ചു മാറ്റുന്നതിനു പകരം ശിക്ഷിച്ചുമാറ്റുകയല്ല വേണ്ടതെന്ന് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരും മനസ്സിലാക്കണം.
പെരുമാറ്റ വൈകല്യങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ഈ പ്രശ്നത്തെ ഡോക്ടര്‍മാര്‍ മൂന്നു രീതിയിലാണ് നേരിടുന്നത്. ബിഹേവിയര്‍ തെറപ്പി എന്ന സ്വഭാവ ചികിത്സയാണ് ഇതില്‍ പ്രധാനം. അച്ചടക്കം പാലിക്കുകയും നല്ല സ്വഭാവം കാണിക്കുകയും ചെയ്താല്‍ നല്ലവാക്കുകള്‍ പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കൂടാതെ, സമ്മാനങ്ങളോ കുട്ടിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളോ നല്‍കുക. ഇതുപോലുള്ള പ്രവര്‍ത്തനങ്ങളാണ് സ്വഭാവ ചികിത്സയുടെ കാതല്‍. അച്ചടക്ക ലംഘനമോ മോശമായ പെരുമാറ്റമോ ഉണ്ടായാല്‍ ചെറിയ ശിക്ഷ നല്‍കലും ചികിത്സയുടെ ഭാഗമാണ്. നല്ല പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അത് തുടര്‍ന്നുപോകാന്‍ പ്രേരിപ്പിക്കുകയും കുട്ടിയെ സഹായിക്കുകയും വേണം. മാതാപിതാക്കള്‍, വീട്ടിലെ മറ്റംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് കൂട്ടായി ചെയ്യേണ്ട കാര്യമാണിത്.
എന്‍വയണ്‍മെന്‍റല്‍ അക്കമഡേഷന്‍ അഥവാ കുട്ടിയുമായി ബന്ധപ്പെട്ട ചുറ്റുപാടുകളില്‍ മാറ്റമുണ്ടാക്കുകയാണ് ഇവിടെ ചെയ്യുന്നത്. കുട്ടിയുടെ ശ്രദ്ധ വ്യതിചലിക്കുന്ന അന്തരീക്ഷം ഇല്ലാതാക്കണം. പഠന സമയത്ത് വീട്ടുകാര്‍ ടി.വി കാണല്‍, ഇരുന്ന് സംസാരിക്കല്‍ തുടങ്ങി കുട്ടിയുടെ ശ്രദ്ധയെ മാറ്റാനിടയുള്ള അവസ്ഥകള്‍ ഇല്ലാതാക്കണം.

  • ചിലരില്‍ ചെറിയതോതില്‍ മരുന്നുകളും ആവശ്യമായിവരും. ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ മരുന്നുകള്‍ നല്‍കാവൂ. അസുഖമുണ്ടെന്ന് കണ്ടെത്തിയാല്‍ ഒട്ടും താമസിയാതെ ചികിത്സ തുടങ്ങണം. ശ്രദ്ധയോടെ ചികിത്സിച്ചാല്‍ എളുപ്പത്തില്‍ മറികടക്കാവുന്ന പ്രശ്നമാണിത്. അതേസമയം, ‘വികൃതിയല്ലേ…. കുറച്ചു വലുതായി ബുദ്ധിയുറക്കുമ്പോള്‍ മാറിക്കൊളളും’ എന്ന നിലപാട് സ്വീകരിച്ചാല്‍ കുട്ടി പഠനത്തില്‍ പിറകോട്ട് പോവുകയും സമൂഹത്തിന്‍്റെ വെറുപ്പ് തുടര്‍ച്ചയായി നേരിടുന്നത് വഴി നിഷേധ സ്വഭാവത്തിനുടമയാവുകയും ചെയ്യും. ഓര്‍ക്കുക…രോഗം ഒരിക്കലും കുഞ്ഞിന്‍െറ കുറ്റമല്ല. അതുകൊണ്ട്, ക്ഷമയോടെ അതിനെ നേരിടാന്‍ സഹായിക്കുക. സമൂഹത്തോട് പൊരുത്തപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അവനെ സഹായിക്കുക. മെഡിക്കല്‍ കോളജുകളടക്കം മനോരോഗ വിഭാഗമുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇതിനുള്ള ചികിത്സ ലഭ്യമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം