തൊലി കറുത്ത അമ്മയ്ക്ക് വെളുത്ത ഭംഗിയുള്ള കുട്ടി പിറന്നുകൂടെ ?

Loading...

kallachi child

അനിഷ കെ കല്ലമ്മല്‍

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ തൊലി കറുത്തവര്‍ക്കും പാവങ്ങള്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണെന്നാണ് ചില സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ കോഴിക്കോട്ടെ കല്ലാച്ചിയില്‍ നാടോടി സ്ത്രീയുടെ കയ്യില്‍ തൊലിവെളുത്ത ഭംഗിയുള്ള കുട്ടിയെ കണ്ടപ്പോള്‍ പൊതുജനം അവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസിലാകുന്നില്ല. തൊലി കറുത്ത അമ്മയ്ക്ക് വെളുത്ത ഭംഗിയുള്ള കുട്ടികള്‍ പിറന്നുകൂടെ? അങ്ങനെ എവിടെയെങ്കിലും പറയുന്നുണ്ടോ? ഒരു കൂട്ടം ജനങ്ങളുടെ സംശയത്തോടെയുള്ള തുറിച്ചു നോട്ടങ്ങള്‍ക്ക് മുന്നില്‍ സ്വന്തം കുട്ടിക്കായി അലമുറയിട്ട് കരയുകയല്ലാതെ മറ്റൊരു വഴിയും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. ഒടുവില്‍ നാട്ടുകാരുടെ സംശയം തീര്‍ക്കാനും കുട്ടി അവരുടേത് തന്നെയെന്ന് തെളിയിക്കാനും പോലീസ് എത്തേണ്ടി വന്നു. എല്ലാവരെയും പോലെ നല്ല ഭക്ഷണം കഴിക്കാനും നിറമുള്ള തുണി വാങ്ങാനും പണവും പത്രാസും ഉണ്ടായിരുന്നെങ്കില്‍ സ്വന്തം കുട്ടിയേയും കൊണ്ട് ഈ അമ്മ തെരുവില്‍ ഇറങ്ങില്ലായിരുന്നു.

Dayabhai

ആരുമില്ലാത്തവര്‍ക്ക് വേണ്ടി സുഖ സൗകര്യങ്ങള്‍ എല്ലാമുപേക്ഷിച്ച് സ്വന്തം ജീവിതം മാറ്റിവെച്ച ദയബായി എന്ന സാമൂഹിക പ്രവര്‍ത്തകയെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും രാത്രിയില്‍ ഇറക്കിവിട്ടതും ഈ കേരളത്തില്‍ തന്നെയാണ്.  ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന പാഠം കേരളത്തില്‍ തൊലി കറുത്തവര്‍ക്കും വില കുറഞ്ഞ വസ്ത്രം ധരിക്കുന്നവര്‍ക്കും ആത്മാഭിമാനമില്ലാത്തവരാണെന്ന ധാരയാണ് സംസ്ഥാനത്തെ വിദ്യാസമ്പന്നരായ ചിലര്‍ക്ക്.  ഇവരും മനുഷ്യരാണ്, മറ്റുള്ളവരെ പോലെ അവകാശങ്ങളും അഭിപ്രായങ്ങളും ഉള്ളവരാണ് എന്നത് പലപ്പോഴും പൊതുസമൂഹം മറക്കുക്കയാണ്. താന്‍ മേലാളനാണെന്ന ചിലരുടെ ചിന്തയിലുണ്ടാവുന്ന അസഹിഷ്ണുതയില്‍ നിന്നുണ്ടാവുന്ന അവഹേളനമാണെന്നെ ഇതിനേയെക്കെ പറയാന്‍ കഴിയൂ. ഇവര്‍ക്ക് ചോദിക്കാനും  പറയാനും ആരുമില്ലെന്ന ധൈര്യമാണ് ചിലര്‍ക്ക് ഇങ്ങനെ ഭ്രാന്തമായ രീതിയില്‍ പെരുമാറാന്‍ ഇടയാക്കുന്നത്.

പാവങ്ങള്‍ക്കായി ഇന്ത്യയിലുടനീളം ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ദയബായി ജന്മനാട്ടില്‍ നിന്നും തനിക്ക് കിട്ടിയ ഇത്തരമൊരു അനുഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ… തനിക്ക് മുന്നില്‍ അസഭ്യവര്‍ഷം ചൊരിയുകയും തന്നെ ഇറക്കിവിടുകയും ചെയ്തെങ്കില്‍ കേരളത്തില്‍ ജോലി ചെയ്യുന്ന നല്ല വസ്ത്രങ്ങളോ, തൊലിവെളുപ്പോ ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളുടെ അവസ്ഥ എന്തായിരിക്കും?

സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും എല്ലാം നല്‍കണമെന്നില്ല. എന്നുവച്ച് ആര്‍ക്കും അവരെ അവഗണിക്കാനോ അവഹേളിക്കാനോ അനുമതി നല്‍കിയിട്ടുമില്ല. സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് മുന്നില്‍ മറ്റുള്ളവരെ തള്ളിപ്പറയാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം സുഖസൗകര്യങ്ങള്‍ ഉപേക്ഷിക്കാനോ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ ദയാബായിയെ പോലുള്ള ചുരുക്കം ചിലര്‍ക്കെ കഴിയുകയുള്ളൂ.. അവരെ ഉപദ്രവിക്കാതിരിക്കാനെങ്കിലും ശ്രമിച്ചുകൂടെ?

ലോകത്തിന്റെ സ്പന്ദനം സോഷ്യല്‍ മീഡിയയില്‍ ആണെന്ന് തന്നെ പറയാന്‍ പറ്റുന്ന ഇന്നത്തെ കാലത്ത് മുന്നും പിന്നും നോക്കാതെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ഷെയര്‍ ചെയ്യുന്നതും പതിവാണ്. എന്നാല്‍ കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നതിനു മുന്‍പ് സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാതെയുള്ള ഇത്തരം എടുത്തുചാട്ടം ഒരു അമ്മയുടെ മാതൃത്വത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

 

 

Loading...