ടി.പി വധക്കേസ്; കൂറുമാറിയ സാക്ഷികള്‍ പ്രതിപ്പട്ടികയിലേക്ക്

Loading...

tp-big-copy

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിയമ നടപടികളും സിപിഎമ്മിനെ വിടാതെ പിന്തുടരുകയാണ്. ഇത് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മജിസ്ട്രേറ്റ് മുമ്പാകെ 164-ാം വകുപ്പുപ്രകാരം രഹസ്യമൊഴി നല്‍കിയവരും വിചാരണക്കിടയില്‍ കൂറുമാറുകയും ചെയ്ത ആറു സാക്ഷികള്‍ക്കെതിരെ നടപടിക്ക് മാറാട് പ്രത്യേക കോടതി അനുമതി നല്‍കിയതോടെയാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട നാള്‍മുതല്‍ വിടാതെ പിന്തുടരുന്ന പ്രതിസന്ധി സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്തിയ നാദാപുരം, പയ്യോളി കോടതികളിലെ മജിസ്ട്രേറ്റുമാരെ സാക്ഷികളാക്കിയതും കൂറുമാറ്റക്കാര്‍ക്കെതിരായി നിയമനടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടതും നീതിന്യായ ചരിത്രത്തിലെ അത്യപൂര്‍വമായ കാര്യമാണ്. 155-ാം സാക്ഷി അന്‍ഷിത് നാരായണന്‍, ഒമ്പതാം സാക്ഷി ടി.കെ. സുമേഷ് എന്ന കൊച്ചക്കാലന്‍ സുമേഷ്, 156-ാം സാക്ഷി കെ.കെ. സുബിന്‍, 14-ാം സാക്ഷി കെ. വിജേഷ്, 71-ാം സാക്ഷി സ്മിതേഷ്, 69-ാം സാക്ഷി നിധിന്‍ നാരായണന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് മാറാട് പ്രത്യേക കോടതി ജഡ്ജ് എസ്.കൃഷ്ണകുമാര്‍ നിര്‍ദേശം നല്‍കിയത്. ചന്ദ്രശേഖരനെ വധക്കേസിലെ പ്രതികളെ സംബന്ധിച്ച് പോലീസിന് മൊഴി നല്‍കുകയും ഇക്കാര്യം നാദാപുരം, പയ്യോളി മജിസ്ട്രേറ്റു കോടതികളില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്ത സാക്ഷികളാണ് ഈ ആറുപേര്‍. എന്നാല്‍ അന്നത്തെ മാറാട് പ്രത്യേക കോടതി ജഡ്ജ് ആര്‍.നാരായണപിഷാരടി മുമ്പാകെ മൊഴി നല്‍കുമ്പോള്‍ രഹസ്യമൊഴി നല്‍കിയവരെല്ലാവരും പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ പി.കുമാരന്‍ കുട്ടി നല്‍കിയ ഹരജി പരിഗണിച്ചാണ് സാക്ഷികള്‍ക്കെതിരെ നടപടി തുടരാന്‍ കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ നാദാപുരം ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് സുബ്രഹ്്മണ്യന്‍ നമ്പൂതിരി, പയ്യോളി ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കെ.പി. പ്രദീപ്കുമാര്‍, മാറാട് പ്രത്യേക കോടതിയില്‍ വിചാരണ നടക്കുന്നതിനിടയില്‍ ബഞ്ച് ക്ളാര്‍ക്കായിരുന്ന കെ.പി. നിധീഷ് എന്നിവരെ സാക്ഷികളാക്കിയാണ് പുതിയ കേസ് തുടങ്ങുന്നത്. അതേസമയം, കേസ് ഏതു കോടതിയില്‍ നടക്കണമെന്നുള്ള കാര്യങ്ങള്‍ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും. സാക്ഷികള്‍ പ്രതികളായ സാഹചര്യത്തില്‍ ഇവര്‍ വിചാരണകോടതിയില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് തെളിയിക്കപ്പെട്ടാല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം