കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ

Loading...

കൊടുവളളിയിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം, വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല. എംഎല്‍എ എന്ന നിലയിലുളള ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും സുപ്രീംകോടതി

എതിര്‍ സ്ഥാനാര്‍ത്ഥി റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനാണ് ഹൈക്കോടതി കാരാട്ട റസാഖിനെ അയോഗ്യനാക്കിയത്. എംഎ റസാഖിന്റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു എന്നായിരുന്നു ഹര്‍ജി.

കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി എതിര്‍സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിന്റെ എംഎ റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. വിധിക്ക് താല്‍ക്കാലിക സ്റ്റേയും ഹൈക്കോടതി നല്‍കിയിരുന്നു.

സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം നല്‍കി കൊണ്ടാണ് 30 ദിവസത്തേക്ക് തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി മരവിപ്പിച്ചത്. വിജയം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ്‌ സ്‌റ്റേ ചെയ്തത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കാരാട്ട് റസാഖിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് 30 ദിവസത്തേക്ക് താത്ക്കാലിക സ്റ്റേ അനുവദിച്ചത്. ഇക്കാലയളവില്‍ കാരാട്ട് റസാഖിന് നിയമസഭ നടപടികളില്‍ പങ്കെടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Loading...