കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു; മുഖ്യപ്രതി പിടിയില്‍

Loading...

വടകര: നാട്ടിന്‍പുറങ്ങളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ഒരു മാസത്തിനിടയില്‍ താലൂക്കില്‍ പിടിച്ചെടുത്തത് പത്ത് കിലോയോളം കഞ്ചാവ്. ആന്ധ്രയില്‍ നിന്ന് മൊത്തമായി കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘത്തിലെ പ്രധാനിയെയാണ് വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍ പുരയില്‍ ബിജു വര്‍ഗീസ് (42)നെയാണ് കരിങ്ങാട് മേക്കുന്നിലെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ പിടികൂടിയത്. പാന്‍മസാലകള്‍ നിരോധിച്ചതോടെയാണ് കഞ്ചാവ് വില്‍പന വ്യാപകമായത്. നേരത്തെ പാന്‍ മസാല ഉപയോഗിച്ച വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് കഞ്ചാവ് മാഫിയ വലയിലാക്കിയത്. സ്കൂളുകളും ടാക്സി സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കാന്‍ പ്രത്യേക സംഘങ്ങളുണ്ട്. അഞ്ച് ഗ്രാമുള്ള ഒരു പൊതി കഞ്ചാവ് ആദ്യഘട്ടത്തില്‍ ഇരുപതും മുപ്പതും രൂപക്കാണ് നല്‍കുക. ഉപയോഗിക്കുന്നവര്‍ക്ക് അത്യാവശ്യമാകുമ്പോള്‍ വില ഇരുനൂറും മുന്നൂറുമായി ഉയര്‍ത്തും. കഞ്ചാവ് വിതരണം നടത്താന്‍ വിദ്യാര്‍ഥികളെയും സ്ത്രീകളെയും ഉപയോഗിക്കുന്നതായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിബു പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി ആറിന് പെരിങ്ങത്തൂരില്‍ കൈനറ്റിക് സ്കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടയില്‍ എക്സൈസ് സംഘത്തെ കണ്ട് സ്കൂട്ടറും രണ്ട് കിലോ കഞ്ചാവും ഉപേക്ഷിച്ച് ബിജു വര്‍ഗസീ കടന്നുകളയുകയായിരുന്നു. മൈസൂരിലെ കുടകില്‍ ഒളിവില്‍ കഴിഞ്ഞ ബിജു കഴിഞ്ഞ ദിവസം നാട്ടിലെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടോണി ഐസക്കിന്റെ നേതൃത്വത്തില്‍ വീട് വളഞ്ഞാണ് അറസ്റ്റ്. റെയ്ഡിന് പ്രിവന്റീവ് ഓഫീസര്‍ എന്‍ കെ വിനോദ്, സിവില്‍ ഓഫീസര്‍മാരായ സുഭാഷ് ചന്ദ്രന്‍, സുനീഷ്, സായിദാസ്, പ്രമോദ് പുളിക്കുല്‍, വിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. തലശ്ശേരി, മാഹി, നാദാപുരം, വടകര, കുറ്റ്യാടി മേഖലയില്‍ കഞ്ചാവ് വിതരണം ചെ്തതായി ബിജു വര്‍ഗീസ് സമ്മതിച്ചു. കഴിഞ്ഞ ദിവസം വാണിമേലില്‍ രണ്ട് കിലോകഞ്ചാവുമായി സ്ത്രീയടക്കം മൂന്ന് പേര്‍ പിടിയിലായിരുന്നു. ബിജുവിനെ വടകര എന്‍ഡിപിഎസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം