കംപ്യൂട്ടര്‍ കണ്ണടവച്ചു കാര്‍ ഓടിച്ച വനിതയ്ക്ക് കോടതിയുടെ ക്ളീന്‍ചിറ്റ്

Loading...

google_glassസാന്‍ഡീഗോ: ഗൂഗിളിന്റെ കംപ്യൂട്ടര്‍ അധിഷ്ഠിത കണ്ണടവച്ചു കാര്‍ ഓടിച്ചതിനു പിടിയിലായ വനിതയ്ക്ക് കോടതിയുടെ ക്ളീന്‍ചിറ്റ്. കാലിഫോര്‍ണിയ സ്വദേശിയായ സിസിലിയ അബഡി കുറ്റക്കാരിയല്ലെന്ന് വിചാരണ ചെയ്ത സാന്‍ഡിയാഗോ ട്രാഫിക് കോടതി വിധിച്ചു. ഗൂഗിള്‍ ഗ്ളാസ് കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു എന്നതിന് തെളിവില്ലെന്ന് ട്രാഫിക് കമ്മീഷണര്‍ ജോണ്‍ ബ്ളെയര്‍ നിരീക്ഷിച്ചു. ഗൂഗിള്‍ ഗ്ളാസ് ഉപയോഗിച്ചതിന് അറസ്റിലാകുന്ന ആദ്യ ഡ്രൈവറാണ് താനെന്ന് 44-കാരിയായ സിസിലിയ പറഞ്ഞു. ഗ്ളാസ് വിപണിയിലിറക്കുന്നതിനു മുമ്പ് പരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ആയിരക്കണക്കിന് പേരില്‍ ഒരാളാണ് സിസിലിയയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഗുഗിള്‍ ഗ്ളാസുപയോഗിച്ച് കാര്‍ ഓടിക്കാന്‍ പരിശീലിക്കുന്നതിനിടെയാണു ഗൂഗിളിന്റെ ടെക്നോളജി ഉദ്യോഗസ്ഥകൂടിയായ സിസിലിയ അബഡിയെ കലിഫോര്‍ണിയ ഹൈവേ പോലീസ് അറസ്റ് ചെയ്തത്. ഗൂഗിള്‍ ഗ്ളാസ് ഉപയോഗിച്ചതിനു പോലീസ് പിഴയടയ്ക്കാന്‍ നിര്‍ദേശിച്ചെന്നു ഗുഗിള്‍ പ്ളസ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ സിസിലി എഴുതിയത് വാര്‍ത്തയായിരുന്നു. വെയറബിള്‍ ഡിവൈസുകളിലെ അദ്ഭുതമായി അറിയപ്പെടുന്ന ഗൂഗിള്‍ ഗ്ളാസിലെ ചെറിയ സ്ക്രീനിലൂടെ അതുപയോഗിക്കുന്ന ആളുകള്‍ ആവശ്യപ്പെടുന്നതെന്തും കാണിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഇന്റര്‍നെറ്റ്, ജിപിഎസ് സങ്കേതങ്ങളാണ് ഗൂഗിള്‍ ഗ്ളാസില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, ഈ ഗ്ളാസ് പൊതുജനങ്ങള്‍ക്കു ലഭ്യമാക്കിയിട്ടില്ല. നിരവധി പരീക്ഷണങ്ങള്‍ നടന്നുവരുകയാണെന്നും പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കുശേഷമേ പുറത്തിറക്കൂവെന്നും ഗൂഗിള്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം